ഇന്ത്യ- ജർമ്മൻ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജർമ്മൻ പരിസ്ഥിതി പ്രകൃതി സംരക്ഷണ ആണവ സുരക്ഷ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘സർക്കുലർ എക്കണോമി സൊല്യുഷ്യൻസ്’ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കടലിലേക്കെത്തുന്ന പ്ലാസ്റ്റിക് മാലിന്യം കുറക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ശിൽപ്പശാല സംഘടിപ്പിച്ചു.
ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ സുനീൽ പാമിടി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രദീപ് കുമാർ എ.ബി എന്നിവർ വിശിഷ്ട പ്രഭാഷണം നടത്തി.
സെന്റർ ഫോർ എൻവിറോൺമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബാബു അമ്പാട്ട് സ്വാഗതവും ജർമ്മൻ കോ-ഓപ്പറേഷൻ പ്രോജക്ട് ടീം ലീഡർ ഡോ. രചന അറോറ ആമുഖ പ്രഭാഷണവും നടത്തി.
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് വേണ്ടി ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുന്നത്. പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നൽകാനായി തിരുവനന്തപുരത്തുള്ള സെന്റർ ഫോർ എൻവിറോൺമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായി ചുമതലപ്പെടുത്തിയിട്ടുണ്ട്.