ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി മനോഹരമായ ചെറിയ വെളിനല്ലൂർ ആയിരവില്ലി പാറയുടെ ഖനനത്തിന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ നൽകിയിട്ടുള്ള എൻ. ഒ.സി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരവില്ലിപ്പാറയുടെ അടിവാരത്തിൽ ആയൂർ -ഇത്തിക്കര റോഡിൽ ആയിരങ്ങൾ പങ്കെടുത്ത മനുഷ്യ ചങ്ങല നടത്തി.
ചെറിയ വെളിനല്ലൂർ ആയിരവില്ലി ക്ഷേത്ര പ്രതിഷ്ഠയുടെ മൂലസ്ഥാനം കുടികൊള്ളുന്ന ആയിരവില്ലി പാറയുടെ സമീപത്തെ വലിയ നാല് പാറകൾ ക്വാറി നടത്തിപ്പുകാർ പൊട്ടിച്ചു കഴിഞ്ഞു. മൂന്ന് പതിറ്റാണ്ട് കാലമായി പ്രദേശത്ത് തുടർന്ന് വരുന്ന പാറഖനനം മൂലം വലിയ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളാണ് വരുത്തി വെച്ചിട്ടുള്ളത്.
സത്യാഗ്രഹ സമര കേന്ദ്രത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്നു സത്യാഗ്രഹ സമര പന്തലിൽ ചേർന്ന പൊതു സമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം നേതാവ് ഡി രാജപ്പൻ നായർ , കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം. നസീർ, ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ , മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അൻസാറുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം ഷൈൻകുമാർ, സമരസമിതി സെക്രട്ടറി ബൈജു,ത്രിതല പഞ്ചായത്ത് സമിതിയംഗങ്ങൾ, മതസാമുദായിക സംഘടനാ നേതാക്കൾ, സാംസ്കാരിക നായകർ തുടങ്ങിയവർ സംസാരിച്ചു. ഇളമാട് ഗ്രാമപഞ്ചായത്ത് വാളിയോട് ജേക്കബ് അധ്യക്ഷത വഹിച്ചു.