ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും എതിപ്പുവാദം തള്ളിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധമാണെന്ന് പി.സി.വിഷ്ണു നാഥ് ആരോപിച്ചു.
ചാന്‍സിലറുടെ അധികാരം പരിമിതപ്പെടുത്താന്‍ ആണ് നീക്കമെന്നും ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ യുജിസി ചട്ടങ്ങള്‍ ബില്‍ വിരുദ്ധമല്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു സഭയെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനാണ് രണ്ടംഗങ്ങളെ അധികമായി നിയോഗിച്ചത്. ഭരണഘടനാ വിരുദ്ധമല്ല. സര്‍വകലാശാല നിയമ ഭേദഗതിക്ക് സര്‍ക്കാരിന് അധികാരമുണ്ട്. പാനല്‍ നിയോഗിക്കേണ്ടതും വിസിയെ നിയോഗിക്കേണ്ടതും ചാന്‍സിലറാണെന്നും മന്ത്രി വ്യക്തമാക്കി.സര്‍വകലാശാലകളുടെ നിയമനിര്‍മ്മാണത്തിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് നിയമമന്ത്രി പി.രാജീവും പറഞ്ഞു.
സഭയുടെ അധികാരത്തെ വെല്ലുവിളിക്കുന്നതാണ് തടസവാദം. സംസ്ഥാന സര്‍വകലാശാലകള്‍ യുജിസി ചട്ടങ്ങള്‍ അനുസരിക്കണമെന്നത് നിര്‍ബന്ധമല്ല. മാര്‍ഗ നിര്‍ദേശക സ്വഭാവം മാത്രമാണ്. നിയമ ഭേദഗതിക്ക് നിയമ സഭയ്ക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും നിയമമന്ത്രി ചൂണ്ടിക്കാട്ടി.