അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ച
അതുല്യസംഗീത പ്രതിഭ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്സ്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി.
അറുപതുകളുടെ അവസാനത്തിൽ തെലുങ്ക് സിനിമാസംഗീതത്തിൽ തുടങ്ങിയതാണ് എസ്പിബിയുടെ പാട്ടുയാത്ര. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി നമുക്ക് സമ്മാനിച്ചത് അതിമനോഹരമായ എത്രയോത്രയോ പാട്ടുകൾ.ഗാനാലാപനത്തിലും അവതരണത്തിലും സ്വതസിദ്ധമായ എസ്പി ബി സ്പർശത്തിലൂടെ അവയൊക്കെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ അതുല്യ പ്രതിഭ.
ചിട്ടപ്പെടുത്തിയ പാട്ടുകൾ മനോധർമത്തിലൂടെ അതിമനോഹരമാക്കി മാറ്റിയ പ്രതിഭാവിലാസം. അനായാസകരമായ തൊണ്ടവഴക്കവും, താളത്തിലും ശ്രുതിയിലുമുള്ള കയ്യടക്കവും , അസാമാന്യമായ സംഗീതബോധവും ഭാവനയും.ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും വിരഹവും ,ആർദ്രതയും നിറഞ്ഞ ആ ശബ്ദമാധുര്യമുണ്ട്…. സംഗീതത്തിന് കാലദേശഭേദമില്ലെന്ന് തെളിയിച്ച അതുല്യപ്രതിഭയുടെ ഓർമകൾക്ക് മരണമില്ല.