സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിനിധികള്‍. സിപിഎമ്മിന് മുന്നില്‍ സിപിഐയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടിയറവെച്ചെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിനിധികള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കുന്നത്. മുന്നണിയാകുമ്പോള്‍ സുഖദുഖങ്ങള്‍ അനുഭവിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നാല്‍ സിപിഐക്ക് ഇപ്പോള്‍ ദുഖം മാത്രമേയുള്ളൂ എന്നാണ് പ്രതിനിധികളുടെ വിമര്‍ശനം.
സിപിഐയില്‍ ഇപ്പോള്‍ കാനം രാജേന്ദ്രന്റെ അപ്രമാദിത്വമാണെന്നാണ് പ്രതിനിധികളുടെ പ്രധാന വിമര്‍ശനം. കാനത്തെ വിമര്‍ശിച്ചാല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു എന്ന് പറയാനാകില്ല. അങ്ങനെ പറയുന്നത് അല്‍പ്പത്തരമാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
പുതിയ എല്‍ഡിഎഫ് സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞത്. ആദ്യ സര്‍ക്കാരിനെ വിലയിരുത്തിയത് അഞ്ച് വര്‍ഷം കൊണ്ടാണ്. സര്‍ക്കാരിനെ വിലയിരുത്താന്‍ അഞ്ച് വര്‍ഷം കാത്തിരിക്കണമെന്നും കാനം രാജേന്ദ്രന്‍ മറുപടിയായി പറഞ്ഞു.
കെ റെയില്‍ എന്തിന് വേണ്ടി നടപ്പാക്കണമെന്ന് അഞ്ച് ജില്ലാ കമ്മിറ്റികള്‍ ചോദ്യമുന്നയിച്ചു. ജനങ്ങള്‍ വലിയ ആശങ്ക പങ്ക് വയ്ക്കുന്നുണ്ടെന്ന് കമ്മറ്റികള്‍ പറഞ്ഞു. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കാനം രാജേന്ദ്രന്‍ മറുപടി പറഞ്ഞു.