പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 14 നാണ് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് തന്നെ കൊണ്ടുപോയതെന്നും പിഎയുടേയും സുഹൃത്തിന്റേയും മുന്നിൽ വച്ചാണ് എൽദോസ് തന്നെ മർദ്ദിച്ചതെന്നുമാണ് ഇവർ നൽകിയ മൊഴി. തന്നെ ആക്രമിച്ചതിന് പിഎയും സുഹൃത്തും ദൃക്സാക്ഷികളാണെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എംഎൽഎയുടെ പിഎ ഡാനി പോളിനെയും, സുഹൃത്ത് ജിഷ്ണുവിനേയും ക്രൈംബ്രാഞ്ച് വിളിപ്പിക്കാൻ തീരുമാനിച്ചു. ഇരുവരുടേയും ഫോണുകൾ സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മൊഴി പരിശോധിച്ച പൊലീസ്, ഗസ്റ്റ് ഹൌസിൽ എംഎൽഎ മുറിയെടുത്തിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചു. എംഎൽഎക്കെതിരായ തെളിവുകൾ ക്രൈം ബ്രാഞ്ച് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. എം.എൽ.എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം.
എംഎല്‍എക്കെതിരായ പീഡന കേസ്:
കോവളം എസ്എച്ച്ഒ പരാതി പൂഴ്ത്തി
എംഎല്‍എക്കെതിരായ പീഡന കേസില്‍ പ്രതിക്ക് സഹായകരമാകുന്ന നിലയിലായിരുന്നു കോവളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഇടപെടലെന്ന് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് കൈമാറിയിട്ടും കോവളം പൊലീസ് നടപടിയെടുത്തില്ല.
പിന്നീട് സെപ്തംബര്‍ 14 ന് കോവളത്ത് വെച്ച് പരാതിക്കാരിക്ക് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മര്‍ദ്ദനമേറ്റു. സെപ്തംബര്‍ 15 ന് ആശുപത്രിയില്‍ മര്‍ദ്ദനമേറ്റ യുവതി ചികിത്സ തേടിയെന്ന വിവരം അറിയിച്ചിട്ടും കോവളം പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കോവളം എസ്എച്ച്ഒ ആയ പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
കേസില്‍ എംഎല്‍എയ്ക്ക് വേണ്ടി കോവളം പൊലീസ് കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ചത് വിവാദമായതോടെയാണ് എസ്എച്ച്ഒയ്ക്ക് എതിരെ വകുപ്പ് തല അന്വേഷണം നടത്തിയത്. ഇയാളെ ഇന്നലെ തന്നെ ആലപ്പുഴയിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് എംഎല്‍എക്കെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ്.
ഇന്നലെ പരാതിക്കാരിയില്‍ നിന്ന് എട്ട് മണിക്കൂറോളം സമയമെടുത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. പരാതിക്കാരിയുടെ ഫോണ്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. തന്റെ പക്കല്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന പരാതിക്കാരിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഫോണ്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ തന്റെ കഴുത്തില്‍ കുരിശുമാല അണിയിച്ചുവെന്നും സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും പറയുന്നുണ്ട്.