ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം.ബി.രാജേഷ്. ഇക്കാര്യത്തില്‍ വ്യക്തിപരമായി പോസ്റ്റ് ഇട്ട ശേഷമാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ആ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തി പിടിക്കുകയാണ് ചെയ്തത്.
പാര്‍ട്ടി നിലപാട് കൂടുതല്‍ ശക്തവും വ്യക്തവുമാണ്. പാര്‍ട്ടി നിലപാടാണ് വലുതെന്നും എം.ബി.രാജേഷ് വ്യക്തമാക്കി. ഗവര്‍ണറെ വിമര്‍ശിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റ് തയ്യാറാക്കി നല്‍കിയത് താന്‍ തന്നെയാണെന്നും രാജേഷ് പറഞ്ഞു. മുന്‍ പോസ്റ്റില്‍ ഉറച്ചു നില്‍ക്കുന്നു. രാജാവിന്റെ ‘അഭീഷ്ടം’ ജനാധ്യപത്യത്തിലില്ലെന്ന് വ്യക്തമാക്കി, ഗവര്‍ണറോട് മൂന്ന് കാര്യങ്ങള്‍ പറഞ്ഞുള്ള എഫ്ബി പോസ്റ്റ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു എം.ബി.രാജേഷിന്റെ വിശദീകരണം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ‘വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കും’ എന്ന ട്വീറ്റിന് മറുപടി പറഞ്ഞായിരുന്നു രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമര്‍ശനങ്ങള്‍ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചു താഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും രാജേഷ് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ അധിക സമയം കഴിയും മുന്നേ തന്നെ പോസ്റ്റ് മന്ത്രി പിന്‍വലിക്കുകയായിരുന്നു.