മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ. കോണ്‍ ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാർട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കൾ ഭൂരിപക്ഷവും ഖാർഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പറഞ്ഞ് തരൂർ, തന്റെ പരാതികളെ ക്രിക്കറ്റിനോടാണ് ഉപമിച്ചത്.
ടേണും പിച്ചും ഉള്ള ഫീൽഡാണെങ്കിലും ബാറ്റ് ചെയ്യണമെന്നും ബോൾ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നും തരൂർ പ്രതികരിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. ഖാർഗെ ഉപദേശം ചോദിച്ചാൽ താൻ പ്രകടനപത്രികയിലൂടെ മുന്നോട്ട് വച്ച കാര്യങ്ങൾ നടപ്പാക്കാൻ പറയുമെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ എന്‍റെ ഭാവി ഓർത്തല്ല മത്സരിച്ചതെന്നും പാർട്ടിയുടേയും രാജ്യത്തിന്‍റെയും ഭാവിക്കായാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭാവി ഓർത്ത് ആശങ്കയില്ലെന്ന് ശശി തരൂർ കൂട്ടിച്ചേര്‍ത്തു. 9385 വോട്ടുകളിൽ 7897 ഉം നേടിയാണ് ഖർഗെക്ക് വിജയിച്ചത്.
ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചപ്പോൾ 416 വോട്ടുകൾ അസാധുവായി. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. ഫല പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി ശശി തരൂർ സന്ദർശിച്ചതും ശ്രദ്ധേയമായി.
ശശി തരൂരിനെ പുകഴ്ത്തി കെ.സുധാകരൻ
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത പുലർത്തിയെന്ന് സുധാകരൻ പറഞ്ഞു. വാക്കു കൊണ്ട് പോലും അദ്ദേഹം നോവിച്ചില്ല. തരൂരിനോട് ഒരു ശത്രുതയും ഇല്ല എന്നും സുധാകരൻ വ്യക്തമാക്കി. തരൂരിനെ ഉൾക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അർഹമായ സ്ഥാനം പാർട്ടി നൽകും എന്നാണ് വിശ്വാസം എന്നും കെ.സുധാകരൻ പറഞ്ഞു. അത് നേതൃത്വത്തോട് ആവശ്യപ്പെടും.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവർ ഞെട്ടിയിരിക്കുകയാണെന്നും കെ.സുധാകരൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് നടന്നാൽ ഒരാൾ ജയിക്കും ഒരാൾ ജയിക്കും. അത് സ്വാഭാവികമാണ്. ഖാർഗെ ജയിച്ചതിലും തരൂർ തോറ്റതിലും ഞങ്ങൾക്ക് സന്തോഷമോ ദുഃഖമോ ഇല്ല.
സന്തോഷം ഉള്ളത് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടന്നതിലാണ്. വർഷങ്ങൾക്ക് ശേഷമാണ് അത് നടക്കുന്നത്. അതിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഞങ്ങൾ ഒരോരുത്തരും എന്ന് കെ.സുധാകരൻ പറഞ്ഞു.
ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെക്ക് ആശംസകളുമായി മുതിർന്ന നേതാക്കൾ. ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു. എതിർ സ്ഥാനാർത്ഥിയായിരുന്ന ശശി തരൂരും ഖർഗെയെ വസതിയിലെത്തി അഭിനന്ദിച്ചു.
ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണ ഘടനെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം ഖർകെയുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക വിശദീകരിച്ചു.
കോൺഗ്രസ് പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി.കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല. തന്റെ പ്രവർത്തന മണ്ഡലം പുതിയ അധ്യക്ഷൻ തീരുമാനിക്കുമെന്നും രാഹുൽ പറഞ്ഞു. ജയറാം രമേശ് അടക്കമുളള മുതിർന്ന നേതാക്കളും ഖർഗെയെ അഭിനന്ദിച്ചു. ഖർഗേയുടെ നേത്യത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. ഇത്തരമൊരു തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.