കിളികൊല്ലൂരിൽ സഹോദരങ്ങളെ സ്റ്റേഷനിൽ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കൊല്ലം ജില്ലാ പോലീസ് മേധാവി പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനുമാണ് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും ക്രൂരമായ മര്‍ദ്ദനമേൽക്കേണ്ടി വന്നത്. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഈ കേസ് വ്യാജമാണെന്ന് സെപ്ഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
കിളികൊല്ലൂര്‍ സംഭവം : നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
കൊല്ലം സിറ്റി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സഹോദരങ്ങള്‍ക്ക് പോലീസ് മര്‍ദ്ദനം ഏറ്റെന്ന പരാതിയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.
കിളികൊല്ലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ്.കെ, സബ്ബ് ഇന്‍സ്പെക്ടര്‍ അനീഷ്.എ.പി, അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍ പ്രകാശ് ചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ മണികണ്ഠന്‍ പിളള എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണറെ ചുമതലപ്പെടുത്തി.ദക്ഷിണ മേഖല ഐ.ജി പി.പ്രകാശ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.