29.2 C
Kollam
Tuesday, November 19, 2024
HomeNewsവിസിമാരുടെ രാജി; ആവശ്യപ്പെട്ട ഗവർണർക്കുള്ള പിന്തുണയിൽ യുഡിഎഫിൽ ഭിന്നത

വിസിമാരുടെ രാജി; ആവശ്യപ്പെട്ട ഗവർണർക്കുള്ള പിന്തുണയിൽ യുഡിഎഫിൽ ഭിന്നത

11 സ‍ർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞു. വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്.

സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും ചെന്നിത്തല പറ‍ഞ്ഞു. ഇന്നലെ വാർത്താക്കുറിപ്പിറക്കുകയും പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തിരുന്നു.

പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസലർമാരാക്കിയതെന്ന് പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും അപ്പോഴെല്ലാം സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നിരുന്നെന്നും സതീശൻ പറഞ്ഞു. അങ്ങനെ ചെയ്ത ഗവർണർ ഇപ്പോൾ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ഗവർണറുടെ തിട്ടൂരം എല്ലാ സീമകളുടെയും ലംഘനം: വിമർശനവുമായി കെസി വേണുഗോപാൽ

വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. അത്‌ എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനാധിപത്യ – ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനിൽക്കുമ്പോൾ തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ ചോദ്യം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെ സ്വകാര്യ ചാനലിനോട് സംസാരിച്ച മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായി ഇ.ടി.മുഹമ്മദ് ബഷീർ, ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ആളെന്ന നിലയിൽ ഗവർണർമാരുടെ നിയമനവും പ്രവർത്തനവും അടുത്ത് നിന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഗവർണർമാർ സാധാരണ സർവകലാശാലകളിൽ ഇടപെടാറില്ല. സർക്കാരുമായി വിയോജിപ്പുണ്ടാകാം.

സർവകലാശാലകളിൽ സർക്കാർ പറയുന്ന എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ ഗവർണറുടെ ഇപ്പോഴത്തെ നടപടി ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. ഇതിനു പിന്നാലെ മുസ്ലിം ലീഗിന്റെ വാർത്താക്കുറിപ്പും വന്നിരുന്നു. ഗവർണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്‍റെ വിമര്‍ശനം.

സുപ്രീംകോടതി വിധിയിലേക്ക് നയിച്ച സഹാചര്യം സർക്കാർ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് വ്യക്തമാക്കി.
പ്രതിപക്ഷ നിരയിലെ ഭിന്നാപ്രിയമാണ് ഇന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചത്. സർക്കാരിനെതിരെ മാത്രമല്ല, സംസ്ഥാനത്തിനാകെ എതിരെയുള്ള നീക്കമാണിത്. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് അവർ ഗവർണറുടെ നീക്കത്തിന് എതിര് നിൽക്കുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ അങ്ങനെ അല്ല, പ്രതിപക്ഷ നേതാവ് ബിജെപി തന്ത്രത്തിനു കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സിപിഎംകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം: കെ സുരേന്ദ്രൻ

കേരള സാങ്കേതിക സർവകലാശാല വിസി നിയമനത്തിലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎംകാരെ ഇറക്കി ഗവർണറെ നേരിടാനാണ് ശ്രമമെങ്കിൽ, രാജ്ഭവനും ക്ലിഫ് ഹൗസും ദൂരെയല്ലെന്ന് ഓർക്കണം. തിരിച്ചും പ്രതിരോധിക്കും. ശക്തമായി നേരിടും. ഗവർണർ അനാഥനല്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ട് ഭീഷണി വേണ്ട. അധികാരം രാജഭരണമല്ലെന്നും ഇനി മൂന്ന് കൊല്ലമേയുള്ളൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നത്. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു.

ഗവർണറുടെ നടപടിയെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളിൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണ്. പാർട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അധാർമ്മികമായ കാര്യങ്ങൾ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വർണക്കള്ളക്കടത്തും അനധികൃത നിയമനങ്ങളും നടന്നു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്. അതിലെന്ത് ധാർമ്മികതയാണ് ഉള്ളത്? ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments