കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്രയെന്ന് ഹൈക്കോടതി. അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി നിർദേശിച്ചു.
കെഎസ്ആർടിസി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കോടതി ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി രംഗത്തെത്തിയത്.ജീവനക്കാർക്ക് മാസ ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി എങ്ങനെയാണ് ഇത്രമാത്രം സൗജന്യ പാസുകൾ നൽകുന്നത്.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
മുൻ എംപിമാരും , എംഎൽഎമാരും അടക്കം ഉള്ളവർക്ക് ജീവിത അവസാനം വരെ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുന്നു. ഇത് എങ്ങനെ നീതികരിക്കും എന്ന ചോദ്യമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിദ്യാർത്ഥികൾ അടക്കം അർഹരായവരിലേക്ക് സൗജന്യയാത്ര ചുരുക്കണം. ദിവ്യാംഗനർ ഉൾപ്പെടെയുള്ളവർക്കായിരിക്കണം സൗജന്യയാത്ര എന്ന അഭിപ്രായം കൂടി കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.