26.9 C
Kollam
Wednesday, January 22, 2025
HomeRegionalCulturalസന്ദേശകാവ്യങ്ങളും കൊല്ലവും; യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം

സന്ദേശകാവ്യങ്ങളും കൊല്ലവും; യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം

സന്ദേശകാവ്യങ്ങളും കൊല്ലവും
യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം. കൊല്ലത്തിന്റെ പ്രൗഢി സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ നിന്നും വേറിട്ട് നില്ക്കുന്നു

ഉണ്ണുനീലിസന്ദേശമെന്ന മണിപ്രവാളകാവ്യത്തിൽ 136 പദ്യങ്ങളിൽ 28 എണ്ണത്തിലും കൊല്ലത്തിന്റെ വർണ്ണനയാണ്.രചനാ കാലഘട്ടത്തിൽ യുവരാജാവായിരുന്ന ആദിത്യവർമ്മയെയാണ് സന്ദേശവാഹകനായി കല്പിച്ചിട്ടുള്ളത്.

ഉണ്ണുനീലിസന്ദേശത്തിൽ കൊല്ലം നഗരത്തിന്റെ ചരിത്രത്തെയും മനോഹാരികതെയും കുറിച്ച് ഒരു ഏകദേശരൂപം നല്കുന്നു, വർണ്ണനകളിൽ കുറെയേറെ അതിശയോക്തി പ്രകടമാകുന്നുണ്ട്. ഇത്രയും മനോഹരമായ ഒരു പട്ടണം ലോകത്ത് മറ്റൊരിടത്തും കാണില്ലത്രേയെന്നാണ് കവി വിശേഷണം. കൊല്ലത്തിന്റെ പ്രൗഢി എത്ര കാലം കഴിഞ്ഞാലും നിലനില്ക്കുമെന്നും കവി പറയുന്നു.

ആറാം നൂറ്റാണ്ടിൽ ചീനക്കപ്പലുകൾ കൊല്ലം തുറമുഖത്ത് എത്തിയിരുന്നതായി 70-ാം ശ്ലോകത്തിൽ പരാമർശിക്കുന്നു. ഇബൻ ബത്തൂത്ത തുടങ്ങിയ വിദേശ സഞ്ചാരികളുടെ യാത്രാക്കുറിപ്പുകളും ശരിവെയ്ക്കുന്നു.

കപ്പലിൽ എത്തുന്ന കച്ചവടക്കാർ ആദിത്യവർമ്മയ്ക്ക് രത്നങ്ങളും സ്വർണ്ണങ്ങളും കാഴ്ച വെച്ചിരുന്നതായി അനുമാനിക്കുന്നു. അത് കൊല്ലത്തിന്റെ വാണിജ്യാഭിവൃദ്ധിയെ സൂചിപ്പിക്കുന്നു

സന്ദേശകാലത്ത് കൊല്ലത്ത് അങ്ങാടികളിൽ കയർ വില്പനയ്ക്കായി വെച്ചിരുന്നതായും പറയുന്നു. ഉണ്ണുനീലിസന്ദേശത്തിന് മുമ്പുള്ള ശുകസന്ദേശമെന്ന സംസ്കൃതകാവ്യത്തിലും 13-ാം ശതകത്തിലെ ഉണ്ണിയച്ചീചരിതത്തിലും 16-ാം നൂറ്റാണ്ടിലെ ഭൃംഗ സന്ദേശം 18-ാം നൂറ്റാണ്ടിലെ ഹംസ സന്ദേശം എന്നീ സംസ്കൃത കാവ്യങ്ങളിലും കൊല്ലത്തിന്റെ മനോഹാരിത പ്രകീർത്തിക്കപ്പെടുന്നു. 19-ാം ശതകത്തിലെ കേരള വർമ്മ വലിയകോയിതമ്പുരാന്റെ മണിപ്രവാള കൃതിയായ മയൂരസന്ദേശത്തിലെ വർണ്ണന കൊല്ലം പട്ടണത്തിന്റെ പൂർവ്വ കാല പ്രശസ്തിയും വർത്തമാന കാല പ്രൗഢിയും വ്യക്തമാക്കുന്നു. അതിലെ ആദ്യ ശ്ലോകമായ

” കൊല്ലം കണ്ടാലൊരുവനിവിടെത്തന്നെ
പാർക്കാൻ കൊതിച്ചിട്ടില്ലം
വേണ്ടെന്നു കരുതുമുള്ള “ത് കൊല്ലത്തിന്റെ അഭിവൃദ്ധിക്ക് നിദാനമാണ്.

അതി മനോഹാരിതയോടെ നില്ക്കുന്ന പുതുമയാർന്ന വലിയ കെട്ടിടങ്ങളും നീരാഴികളും അങ്ങാടികളും നിറഞ്ഞ ഏറ്റവും അനുയോജ്യമായ പട്ടണമായിരുന്നത്രേ കൊല്ലം !

ഉണ്ണിയച്ചീചരിതത്തിൽ കൊല്ലത്തിന്റെ ഐശ്വര്യസമൃദ്ധിയെക്കുറിച്ച് വർണ്ണിക്കുന്നുണ്ട്. അതിൽ തിരുമരുതൂരിനെപ്പറ്റി പ്രതിപാദിക്കുന്നു :
” കൊല്ല വിദൂതീരം കൊല്ലം വിഭവാ
നൂറ് മടങ്ങ് കൊടുങ്ങല്ലൂരിലുമേറെ
വിളങ്ങിന പണ്ടു പയാതാ…”

കൊല്ലത്തിന്റെ വിഭൂതിയെ വെല്ലുന്ന സമ്പൽ സമൃദ്ധിയോട് കൂടിയതും കൊടുങ്ങല്ലൂരിനേക്കാൾ നൂറ് മടങ്ങ് സുന്ദരവുമായ നഗരമാണത്രേ തിരുമതൂർ നഗരം.
തിരുമതൂരിനെ കൊല്ലത്തിന്റെ സമ്പൽ സമൃദ്ധിയുമായി സാദൃശ്യപ്പെടുത്തുന്നു.

കൊല്ലം പട്ടണത്തിൽ വന്നുപെടുന്ന ഒരാൾക്ക് സ്വന്തം വീട്ടിലേക്ക് തിരികെപ്പോകാൻ തോന്നുകില്ലത്രേ! അത്രയ്ക്ക് വാസയോഗ്യവും മനോഹരവുമായ പട്ടണമായിരുന്നു കൊല്ലമെന്നാണ് സന്ദേശ വാഹകൻ പറയുന്നത്.

ഇവിടെ വിവരിച്ച കാലഘട്ടങ്ങൾ എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പുള്ളതാണെന്ന് അനുസ്മരിക്കേണ്ടതുണ്ട്. പിന്നീട് പിന്നിട്ട കാലങ്ങൾ, ഋതുക്കൾ എല്ലാം കൊല്ലത്തിന് എന്ത് പരിവർത്തനങ്ങളാണ് നല്കീട്ടുള്ളതെന്ന് ദീർഘവീക്ഷണത്തോടെ ചിന്തിക്കുമ്പോൾ “ഇപ്പോൾ കൊല്ലം കണ്ടവന് ഇല്ലം വേണോ ” യെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു!

- Advertisment -

Most Popular

- Advertisement -

Recent Comments