സർവ്വജ്ഞനും സകലകലാവല്ലഭനുമായി പ്രശോഭിച്ചിരുന്നു ശ്രീ ചട്ടമ്പിസ്വാമി തിരുവടികൾ. പ്രത്യേകിച്ചും ആസ്‌തിക്യബുദ്ധികളായ മലയാളികളിൽ ആരും തന്നെ ഉണ്ടായിരിക്കില്ല. അദ്വൈത ബ്രഹ്മസാക്ഷാത്ക്കാരം കൊണ്ട് കൃതകൃത്യനായി, ആത്മാരാമനായി, സഞ്ചരിച്ചിരുന്ന ഒരു മഹാപുരുഷനായിരുന്നു ശ്രീ. സ്വാമികൾ.
ശ്രീനാ രായണഗുരുസ്വാമികൾ പറഞ്ഞിട്ടുള്ളതുപോലെ, “ലീലയാ കാലമഖില”വും നയിച്ച അദ്ദേഹത്തിന് പ്രത്യേകിച്ച് കർത്തവ്യങ്ങൾ ഒന്നും തന്നെയില്ലായിരുന്നു. എങ്കിലും പരേച്ഛാപ്രാരബ്‌ധം ഹേതുവായി ലോകാനുഗ്രഹപരനായ അവിടുന്ന് ഗ്രന്ഥനിർമ്മിതി കൊണ്ട് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ പല വിശേഷകൃതികളും അതിൽ പെടുന്നുവെങ്കിലും ഇപ്പോൾ ഒന്നും തന്നെ ആവശ്യത്തിനു കിട്ടാതെയാണിരിക്കുന്നത്. എഴുതുന്നതിലുള്ള ശ്രദ്ധപോലെ അവയെ സൂക്ഷിച്ച് അച്ചടിപ്പിച്ചു പ്രചരിപ്പിക്കുന്നതിൽ താല്‌പര്യമില്ലാതിരുന്നതു കൊണ്ടാവാം മിക്കവാറും ഗ്രന്ഥങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്. ഏതാനും ചിലതെല്ലാം മുമ്പ് പുസ്‌തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. സൽഗുരു, കേരളീയ യുവജനമിത്രം, എം.എൻ.നായർ മാസിക മുതലായവയിൽക്കൂടി ചില ലേഖനങ്ങളും പ്രബന്ധങ്ങളും വെളിക്കുവന്നിട്ടുണ്ട്. പ്രസിദ്ധപ്പെടുത്താതെ ആരുടെ ഒക്കെയോ കൈവശം പലതും ഇപ്പോഴുമുണ്ട്. ഏറണാകുളത്തിനപ്പുറത്തുവെച്ച് ഒരിക്കൽ ഒരു വള്ളം മുങ്ങിയതിൽ പെട്ട് പല കയ്യെഴുത്തു ഗ്രന്ഥങ്ങളും നശിച്ചിട്ടുണ്ടെന്ന് സ്വാമികൾ തന്നെ പറയുകയുണ്ടായി.
ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ പ്രസിദ്ധ പ്പെടുത്തിയ ഗ്രന്ഥങ്ങളാണ് പ്രാചീനമലയാളം, വേധാധികാരനിരൂപണം. ക്രിസ്‌തുമതനിരൂപണം, ശ്രീചക്ര പൂജാകല്‌പം, അദ്വൈതചിന്താപദ്ധതി മുതലായവ. മാസികകളിൽക്കൂടി അപ്പപ്പോൾ വെളിപ്പെടു ത്തിയിട്ടുള്ള ജീവകാരുണ്യനിരൂപണം, ശരീരതത്വസം ഗ്രഹം, മനോനാശനിരൂപണം, പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം, ഒഴിവിലൊടുക്കം ഏതാനും ഭാഗത്തിൻ്റെ വ്യാഖ്യാനം, ദേശനാമങ്ങൾ മുതലായത് പലരും കണ്ടിരിക്കാൻ ഇടയുണ്ട്. സർവ്വമതസാമരസ്യം, തർക്കരഹസ്യരത്നം, ബ്രഹ്മതത്വ നിർഭാസം, സൂര്യരത്നഹാരാവലി, പരമശിവസ്‌തവം, പ്രാചീനമലയാളം ശേഷംഭാഗങ്ങൾ, മോക്ഷപ്രദീപഖണ്ഡനം, പുനർജ്ജന്മ നിരൂപണം, അദ്വൈതപഞ്ജരം, ആദിഭാഷ, നിജാനന്ദവിലാസം, ഷണ്മതനിരൂപണം ആദിയായ പല കൃതികളും പരസ്യപ്പെടുത്താനായിട്ടില്ല.
ഗുരുവെന്ന പദത്തിനും വ്യക്തിപ്രഭാവത്തിനും മഹനീയ സ്ഥാനം; അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായി
മഹാത്മാവായ സ്വാമിതിരുവടികളുടെ മഹത്വവും ജീവിതസിദ്ധാന്തവും എന്തെന്നു മനസ്സിലാക്കുന്നതിന് അദ്ദേഹത്തിൻ്റെ കൃതികളിൽക്കൂടിയല്ലാതെ ഇനിയും കഴിയില്ല.അതിലേക്ക് മുന്നോട്ടിറങ്ങി ആരും തന്നെ ഉത്സാഹിച്ചു കാണുന്നില്ല.
അതുകൊണ്ട് കിട്ടുന്നിടത്തോളം ഭാഗങ്ങൾ ശേഖരിച്ച് അച്ചടിപ്പിച്ച് പ്രചരിപ്പിക്കേണ്ടതാണ്.
“പ്രാചീനമലയാളം’ ഏകദേശം ഒരൻപതു കൊല്ലം മുമ്പേ പ്രസിദ്ധം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ കൈകാര്യം ചെയ്യുന്നതിനു കിട്ടുന്ന കാര്യം സംശയമാണ്. വിശ്വവിശ്രുതനായ സ്വാമികളുടെ പ്രിസിദ്ധീകൃതങ്ങളായ ഗ്രന്ഥങ്ങൾ അതാതു കാലത്തു പ്രചുരപ്രചാരം സിദ്ധിച്ചിട്ടുള്ളവകളാണ്. വിശേഷിച്ചും ഈ കൃതി ഗ്രന്ഥകർത്താവിന്റെ മഹാത്മ്യത്തിനനുസരിച്ചു പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഒരു മഹത്തായ ഗവേഷണഗ്രന്ഥമാണ്.
ചരിത്ര വിദ്യാർത്ഥികൾക്കു പഠിക്കുന്നതിനും ഗവേഷണ കുതുകികൾക്ക് അന്വേഷണബുദ്ധി വളർത്തുന്നതിനും ഒരു പോലെ ഉപകരിക്കുന്ന ഒരു ജ്ഞാനാഭണ്ഡാരമാണ് ഈ പ്രബന്ധം. ഗ്രന്ഥത്തിൻ്റെ പേരുകൊണ്ടുതന്നെ അതിൻ്റെ ഉള്ളടക്കം വളരെ വ്യക്തമാകയാൽ അതേപ്പറ്റി കൂടുതലായി ഒന്നും പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നുതന്നെയുമല്ല അതുസംബന്ധിച്ച് ഒരു ദീർഘപ്രസ്‌താവനചെയ്യുന്നത് അസ്ഥാനത്തിലുമായിരിക്കും.
കടപ്പാട് : ഒരു തെക്കൻ വീരഗാഥ. ശ്രീ കുമ്പളത്ത് ശങ്കുപ്പിള്ള സ്മരണിക