മിഖായേൽ’ സിനിമയിലെ കഥാപാത്രമായ ‘മാർക്കോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ സന്തോഷം പങ്കു വെയ്ക്കുന്നു.
2018 ഡിസംബർ 21ന് ‘മാർക്കോ’യെ ഒരു വില്ലനായി അവതരിപ്പിച്ചു. 2024 ഡിസംബര്‍ 21ന് മാർക്കോ നായകനാണ്. ഇതാണ് സിനിമയുടെ മാജിക്.
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ൽ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേൽ’. മാർക്കോ എന്ന വില്ലൻ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വർഷങ്ങൾക്കു ശേഷം മാർക്കോയുമായി എത്തിയത്. ഇപ്പോൾ വില്ലൻ നായകനായി.
ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.