ആനകൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്നും മൂന്നാഴ്ചയ്ക്കകം അറിയിക്കണമെന്നും മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 2012ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് 2012ലാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. കേസെടുത്തെങ്കിലും പിന്നീട് മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയില്‍ ആനക്കൊമ്പ് കൈവശംവക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അനുമതി നല്‍കിയത് അന്നത്തെ വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു. ഇതിന്റെ പിന്നില്‍ ഗൂഡാലോചന നടന്നെന്നാരോപിച്ച് വിജിലന്‍സ് കോടതിയില്‍ ഏലൂര്‍ സ്വദേശിയാണ് കേസ് നല്‍കിയത്. മോഹന്‍ലാലിനും തിരുവഞ്ചൂരിനും ഉയര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.