കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തു. ബെംഗളുരുവില്‍ വെച്ചാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലില്‍ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിച്ചു. ലീനയില്‍ നിന്ന് പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പൂജാരി പറഞ്ഞു. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി. കര്‍ണാടക പോലീസും രവി പൂജാരിയെ ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം.
രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് കര്‍ണാടക പൊലീസിന്റെയും കേന്ദ്ര ഏജന്‍സിയുടെയും നേട്ടമാണ്. കഴിഞ്ഞ ദിവസമാണ് സെനഗലില്‍ നിന്ന് പൂജാരിയെ ബെംഗളുവില്‍ എത്തിച്ചത്. അപ്രതീക്ഷിതമായി പൂജാരി ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയുടെ പിടിയിലാവുകയായിരുന്നു.
നടി ലീന മരിയ പോള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഹൈദരാബാദ് സിബിഐ അന്വേഷിക്കുന്ന തട്ടിപ്പുകേസില്‍ പ്രതിയായ ലീന ഒളിവിലാണ്.