നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. മാര്‍ച്ച് മൂന്നിനായിരുന്നു നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.
വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് പവന്‍ ഗുപ്ത ദയാഹജി നല്‍കിയത്. ഇതോടെ നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനയ് കുമാര്‍ ശര്‍മ, മുകേഷ് സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി നേരത്തെ രാഷ്ട്രപതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. 2012ലാണ് ഡല്‍ഹിയെ നടുക്കിയ നിര്‍ഭയ കൂട്ട ബലാത്സംഗം നടന്നത്. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് കുമാര്‍, പവന്‍ ഗുപ്ത, അക്ഷയ് കുമാര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ മുഖ്യപ്രതികളിലൊരാളായ രാംസിംഗ് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതി 2015ല്‍ ജയിലില്‍ നിന്നും മോചിതനായി.