വീട്ടില്‍പ്പോലും കയറ്റാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയെന്ന് കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി. മോഹന്‍രാജ്. ശബരിമലയിലെ വിശ്വാസത്തെ ഇടതുസര്‍ക്കാര്‍ തകര്‍ത്തു.
‘നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്‍പ്പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. ഇതിലാരാണ് വിജയിച്ചത് സര്‍ക്കാരോ. ലക്ഷോപലക്ഷം വരുന്ന വിശ്വാസികളുടെ ദേഹത്ത് ചെളി വാരി തേയ്ക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്.
ഈ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകും അതുറപ്പാണ് മോഹന്‍ രാജ് ആരോപിച്ചു. അതുമാത്രമല്ല ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നീച പ്രവൃത്തി സുവര്‍ണാവസരമായിട്ടാണ് ബി.ജെ.പി സ്വീകരിച്ചത്. പാര്‍ട്ടി ഫോറത്തില്‍ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞതു പുറത്തുവന്നിരുന്നു.
ശബരിമലയിലെ വിശ്വാസവും സമാധാനാന്തരീക്ഷവും തകര്‍ക്കാനാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും കൂട്ടായി ശ്രമിച്ചതെന്ന വിശ്വാസി സമൂഹം തിരിച്ചറിയണം.’- അദ്ദേഹം പറഞ്ഞു.