27.1 C
Kollam
Sunday, December 22, 2024
HomeRegionalCulturalഓണാട്ടുകരയുടെ സംസ്കൃതിയും ഋഷഭങ്ങളും

ഓണാട്ടുകരയുടെ സംസ്കൃതിയും ഋഷഭങ്ങളും

അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീകോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ഠകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്.

സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം പണ്ട് കാവുകളായിരുന്നു. ക്ഷേത്രമായി രൂപാന്തരപ്പെടാത്തതും കാവ് എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെടുന്നതുമായ ഒരു ശൈവാലയമാണ് ഇന്ന് ഓച്ചിറയില്‍ കാണുന്നത്. കൊല്ലം ജില്ലയിലെ വടക്കേ അറ്റത്തായി രണ്ടു ആല്‍ത്തറകകളും ഒരു കാവും ഇവക്കു പുറമേ മായ യക്ഷി അമ്പലവും ചേര്‍ന്നതാണ് ഓച്ചിറയിലെ ആരാധനാലയങ്ങള്‍.
കയറിച്ചെല്ലുമ്പോള്‍ ഉടനെ ഗണപതിക്കും പ്രത്യേകമായ ഒരു സ്ഥാനമുണ്ട്.കിഴക്കും പടിഞ്ഞാറുമായാണ് ആല്‍ത്തറകള്‍.ഓണ്ടിക്കാവ് എന്നറിഞ്ഞു വരുന്ന കാവ് ഒരല്‍പം വടക്കുമാറി സ്ഥിതി ചെയ്യുന്നു.മായയക്ഷിക്കാവ് ആല്‍ത്തറകളുടെ വടക്ക് കിഴക്കാണ്.പരമജ്ഞാനിയായ ഒരു മഹാഗുരുവിന്റെയും അദ്ദേഹത്തിന്റെ ഉത്തമ ശിഷ്യന്റെയും സമാധിസ്ഥലങ്ങളാണ് ഈ ആല്‍ത്തറകളെന്നു ചിലര്‍ കരുതുന്നു. സമാധിസ്ഥലങ്ങള്‍ ആരാധനാലയങ്ങളായി രൂപപ്പെടുന്നത് സ്വാഭാവികമാണ്.ഓച്ചിറയിലെ ആല്‍ത്തറകളെ സമാധി സ്ഥലങ്ങളായല്ല കാണേണ്ടത് എന്നും, ആല്‍ത്തറകളില്‍ ഒന്നില്‍ ശൈശവസിദ്ധാന്തം നിര്‍ദ്ദേശിക്കുന്ന രൂപാധീതനായ പരമേശ്വരനെയും മറ്റൊന്നില്‍ നിര്‍ഗുണോപാസകന്മാരുടെ പരബ്രഹ്മത്തെയും ആരാധിക്കുന്നതായി പറയപ്പെടുന്നു.

ഓച്ചിറയെപ്പറ്റിയുള്ള പ്രശസ്തമായ ഐതീഹ്യം അകവൂര്‍ ചാത്തനുമായി ബന്ധപ്പെടുന്നു.പറയിപെറ്റ പന്തിരുകുലത്തിലെ അകവൂര്‍ ചാത്തന്‍ ആലുവക്കടുത്തുള്ള അകവൂര്‍ മനയ്ക്കലെ ഒരാശ്രിതനായിരുന്നു. മനയ്ക്കലെ തമ്പുരാനോട്‌ അദ്ദേഹം ആരാധിക്കുന്ന ഈശ്വരന്റെ സ്വരുപം എന്താണെന്നു ചാത്തന്‍ ചോദിച്ചു പോലും. പോത്തിനെ പോലെ എന്നുപറഞ്ഞു തിരുമേനി പരിഹസിച്ചു.നിഷ്കളങ്കനായ ചാത്തന്‍ അന്നുമുതല്‍ പോത്തിന്റെ രൂപത്തില്‍ ഈശ്വരനെ ആരാധിക്കാന്‍ തുടങ്ങിയെന്നും ഈശ്വരന്‍ പോത്തിന്റെ രൂപത്തില്‍ തന്നെ ചാത്തന് മുന്നില്‍ പ്രത്യക്ഷപ്പെട്ടുവെന്നും ചാത്തന്റെ പോത്ത് പരബ്രഹ്മമാണെന്ന് അകവൂര്‍ നമ്പൂതിരി തിരിച്ചറിഞ്ഞത് ഓച്ചിറ വെച്ചായിരുന്നുവെന്നുമാണ് പുരാവൃത്തം. അന്നുമുതല്‍ ഓച്ചിറ അതിപ്രശസ്തമായ ആരധനാകേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയത്രേ. ഓച്ചിറ ഒരു തിരിച്ചറിവിന്റെ സ്ഥാനമാണെന്നാണ് പുരാവൃത്തത്ത്തിന്റെ ദർശനം .

ഓച്ചിറ ഒരു കാലത്തു ബൗദ്ധാരാധന കേന്ദ്രമായിരുന്നുവെന്നും മുറിവുകള്‍ക്കും മറ്റും മരുന്നായി ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന ചെളി പ്രസാദം ഇതാണ് സൂചിപ്പിക്കുന്നതെന്നും വിശ്വസിച്ചു പോരുന്നൂ.

ഓച്ചിറയുടെ സവിശേഷതകളില്‍ പ്രധാനം ക്ഷേത്രമല്ലാത്ത ക്ഷേത്രം എന്ന പദവിയാണ്.സത്ഗുണോപാസന മാത്രമല്ല, നിര്‍ഗുണോപാസനയും സാധാരണക്കാര്‍ക്ക് കഴിയും എന്ന് ഓച്ചിറ തെളിയിക്കുന്നു.ഇരുപത്തിഎട്ടാം ഓണത്തിനു നടക്കുന്ന കാളകെട്ടി എഴുന്നെള്ളത്തും പടനിലത്തെ ഓച്ചിറക്കളിയുമാണ് ഓച്ചിറയിലെ ആഘോഷങ്ങളില്‍ വെച്ച് വിചിത്രം. കാള എഴുന്നള്ളത്തുകള്‍ വേറെയും പല ദേവാലയങ്ങളിലും കാണാമെങ്കിലും ഇത്ര ഉയരവും ഇത്രയേറെ ചമല്‍ക്കാരവും ഉള്ള എഴുന്നള്ളിപ്പുകള്‍ മറ്റെവിടെയുമില്ല. സൈന്ധവ നാഗരികതയുടെ കാലം മുതല്‍ കാള കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമാണ്.

ഓണാട്ടുകരയുടെ സംസ്കൃതി ഉണര്‍ത്തിയുള്ള കാളകെട്ട് മഹോല്‍സവത്തോടെ ജില്ലയില്‍ ഉത്സവങ്ങള്‍ക്ക് ആരംഭമാവുകയാണ്. പോയകാല സ്മരണകളെ ഉണര്‍ത്തുന്ന കാര്‍ഷിക വിളവെടുപ്പാനുണു കാളകെട്ടു മഹോല്‍സവം കൊണ്ടര്‍ത്ഥമാക്കുന്നത്. എല്ലാവര്‍ഷവും ഇരുപത്തിയെട്ടാം ഓണത്തിനാണ് മഹോത്സവം കൊണ്ടാടുന്നത്.

കൃഷിഭൂമി പരിശുദ്ധമായാണ് കണ്ടിരുന്നത്‌. അവിടെ ഋഷഭങ്ങള്‍ക്ക് മഹനീയ സ്ഥാനമായിരുന്നു. കാര്‍ഷിക വിളവെടുപ്പിനു ഋഷഭങ്ങള്‍ക്കുള്ള പങ്കു വലുതായിരുന്നതിനാല്‍ അവയെ ഭജിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. 52 കരകള്‍ ചേര്‍ന്നതാണ് ഓണാട്ടുകര. ഓണാട്ടുകരയിലെ ജനങ്ങള്‍ പൊയ്പ്പോയ വസന്തകാലങ്ങള്‍ അനുസ്മരിക്കാന്‍ നന്ദികേശ ശിരസ്സുകള്‍ വെച്ച് അലങ്കരിച്ച്, പൂര്‍ണ്ണ രൂപത്തിലുള്ള ഋഷഭമാക്കി, പരബ്രഹ്മസന്നിധിയില്‍ വെച്ച് വണങ്ങുന്നത് മായാത്ത ചടങ്ങിന്റെ ഭാഗമാണ്.ചിങ്ങമാസത്തിലെ ചതയം കഴിഞ്ഞുള്ള ദിവസങ്ങളിലാണ് ഇതിനു ആരംഭം കുറിക്കുന്നത്. അരയടി പൊക്കമുള്ള കാളകള്‍ മുതല്‍ 50 അടി പൊക്കമുള്ള കാളകള്‍ വരെ ഇതിനായി അണിയിച്ചൊരുക്കും. ഇക്കുറി 130 ൽ പരം ചെറുതും വലുതുമായ ഋഷഭങ്ങൾ ആഘോഷത്തിന്റെ ഭാഗഭാക്കായി. കൂറ്റന്‍ ഋഷഭങ്ങളെ ഒരുക്കിയിരുന്നത് പതിമൂന്നോളം കരക്കാരായിരുന്നു.ഇതില്‍ പ്രധാനമായും ഇടയനമ്പലം,മേമന, കൃഷ്ണപുരം, ചങ്ങന്‍കുളങ്ങര തുടങ്ങിയ കരക്കാരാണ്. വൃതാനുഷ്ഠാനത്തോടെെയാണ് കാളകെട്ടു നിര്‍മ്മാണം പൂർത്തിയാാക്കുന്നത്.

അണിയിച്ചൊരുക്കിയ ഋഷഭങ്ങള്‍ എല്ലാം നിരത്തുകളിലൂടെ നീങ്ങി, ഉത്സവച്ചായ പകര്‍ന്നു, സന്ധ്യയോടെ പടനിലത്ത് അണിനിരന്നു. ഋഷഭങ്ങളുടെ അലംകൃത ഭംഗിയുടെ നിര്‍വ്വചിക്കാനാവാത്ത കാഴ്ച ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേരുന്നത് പോയകാല സംസ്കാരത്തിന്റെ വീണ്ടെടുക്കലിനു ഉത്തമ ദൃഷ്ടാന്തമാകുന്നു.

അണിനിരന്ന ഋഷഭങ്ങളെ പരബ്രഹ്മസന്നിധിയില്‍ കാണിക്കയര്‍പ്പിച്ചതോടെ ഒരു സംസ്കാരത്തിന്റെ, സംസ്കൃതിയുടെ, അര്‍ത്ഥവത്ത പരിസമാപ്തിയില്‍ എത്തുകയായിരുന്നു. ഒണാട്ടുകരയുടെ പുണ്യം നേടിയ ചാരിതാര്‍ത്യത്തോടെ അടുത്ത വര്‍ഷത്തെ ഊഴത്തിനായി, ചരിത്രാവര്‍ത്തത്തിനായി, പരബ്രഹ്മത്തിന്റെ അനുഗ്രഹാശിസ്സുകൾ നേടി സഫലീകരണത്തോടെ കാത്തിരിക്കുകയാണ് ഒണാട്ടുകരക്കാര്‍.

 

- Advertisment -

Most Popular

- Advertisement -

Recent Comments