ചരിത്ര സ്മാരകങ്ങൾ എന്നും വിസ്മയമാണ്. കൊല്ലത്ത് ധാരാളം ചരിത്രസ്മാരകങ്ങൾ ഉണ്ടെങ്കിലും പലതും സംരക്ഷിക്കാനാവാതെ നാശം നേരിടുകയാണ്. അല്ലെങ്കിൽ പൂർണ്ണമായും നശിച്ച അവസ്ഥയിലാണ്. ഉള്ളതെങ്കിലും നിലനിർത്താൻ പുരാവസ്തു വകുപ്പ് കൂടുതൽ ജാഗ്രതയും താത്പര്യവും പുലർത്തേണ്ടതാണ്.
തിരുവിതാംകൂറിലെ വൈസ്രായിയുടെ പ്രതിനിധിയായിരുന്ന റസിഡന്റുമാർ വിളിച്ചു കൂട്ടുന്ന കോൺഫറൻസുകളിൽ പങ്കെടുക്കാൻ കൊല്ലത്ത് എത്തുമ്പോൾ മഹാരാജാവിന് താമസിക്കാനും വിശ്രമിക്കാനും വേണ്ടി നിർമ്മിച്ചതാണ് തേവള്ളി കൊട്ടാരം. ഇത് കൊല്ലത്തെ ഒരു പ്രധാന ചരിത്രസ്മാരകത്തിൽ പെടുന്നു. പക്ഷേ, ഇതിന് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോൾ ഈ കൊട്ടാരം എൻ സി സി യുടെ കൊല്ലത്തെ ആസ്ഥാനമാണ്. 1921-ൽ കൊല്ലം സന്ദർശിച്ച വെയിൽസ് രാജകുമാരൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് അഷ്ടമുടിക്കായലിന്റെ പ്രകൃതി ഭംഗി ആസ്വദിച്ചത്.
കൊട്ടാരം ഇനിയെങ്കിലും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പ്രൗഢി നിലനിർത്താൻ ശ്രമിക്കേണ്ടതാണ്.