26.2 C
Kollam
Friday, November 15, 2024
HomeLocalകൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി

കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി

കോവിഡ്: നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ആര്‍.ആര്‍.ടി.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിനായി വാര്‍ഡ് തലത്തില്‍ ആര്‍.ആര്‍.ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) പ്രവര്‍ത്തനസജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യ നില വിലയിരുത്തുകയും അടിയന്തിര ചികിത്സ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ ടീമിന്റെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. ഗൃഹനിരീക്ഷണത്തിലുള്ളവരുടെ പള്‍സ് ഓക്‌സിമീറ്റര്‍ റീഡിംഗ് കൃത്യമായ ഇടവേളകളില്‍ ആര്‍.ആര്‍.ടിയ്ക്ക് കൈമാറുന്നതിനുള്ള ക്രമീകരണം ചെയ്യും. ഇതിനായി വാര്‍ഡ് തലത്തില്‍ നിരീക്ഷണത്തിലുള്ളവരെ ഉള്‍പ്പെടുത്തി വാട്‌സ്അപ്പ് കൂട്ടായ്മയുണ്ടാക്കും. അടിയന്തിര പരിചരണം ആവശ്യമുള്ളവരെ ആശുപത്രികളിലേയ്ക്ക് മാറ്റും. ജില്ലയിലെ പത്ത് മേജര്‍ ആശുപത്രികളിലും വാളകം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലും ഹോക്കി സ്റ്റേഡിയം ദ്വിതീയ ചികിത്സാ കേന്ദ്രത്തിലും ഇതിനായി സജ്ജീകരണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ മറ്റ് കുടുംബാംഗങ്ങളുമായി സമ്പര്‍ക്കമുണ്ടാകാതെ ഒരു മുറിക്കുള്ളില്‍തന്നെ കഴിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കെ. കെ. ഇ. എം. വെര്‍ച്വല്‍ തൊഴില്‍മേള 21 മുതല്‍ 27 വരെ
കേരള ഇക്കണോമി മിഷന്‍ വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 21 മുതല്‍ 27 വരെ ഓണ്‍ലൈനായി നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://knowledge mission.kerala.gov.in ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം തൊഴിലവസരങ്ങള്‍ നല്‍കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത് യോഗ്യത, അനുഭവപരിചയം എന്നിവ ഉള്‍പ്പെടെയുള്ള പ്രൊഫൈല്‍ രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കുക. വെര്‍ച്വല്‍ ജോബ് ഫെയര്‍ മോഡ് തിരഞ്ഞെടുക്കുക, പുതുക്കിയ വിവരങ്ങള്‍, സി.വി, എന്നിവ അപ്ലോഡ് ചെയ്യുക. പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികള്‍ തൊഴില്‍ദായകരില്‍ നിന്ന് തിരഞ്ഞെടുക്കുക. ഉടനെ രജിമ്പറ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓപ്ഷണല്‍ മൂല്യവര്‍ദ്ധന സേവനം എന്ന നിലയില്‍ താത്പര്യമുളള തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും, ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിര്‍ണയത്തിലും പങ്കെടുക്കാം.ഇതിനെ അടിസ്ഥാനമാക്കി ജോലികള്‍ക്കുള്ള തീയതിയും സമയവും ഇ മെയില്‍ വഴി അറിയിക്കും. മേളയുടെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അനുയോജ്യമായ ജോലികളുടെ ലഭ്യതയ്ക്കും വെബ്‌സൈറ്റ് പരിശോധിക്കുക. ഫോണ്‍ : 0471 2737881

മസ്റ്ററിങ്ങ് ചെയ്യണം
ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലയിലെ സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31നകം മസ്റ്ററിങ്ങ് ചെയ്തിട്ടില്ലാത്തവര്‍ അക്ഷയകേന്ദ്രം വഴി ഫെബ്രുവരി ഒന്ന് മുതല്‍ 20 നകം മസ്റ്ററിങ്ങ് ചെയ്യണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ 04742749048,8075333190

അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ജനുവരി 22ന് അഭിമുഖം നടക്കും. യോഗ്യത പ്ലസ്ടു. 18 നും 35നും മദ്ധ്യേപ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8714835683, 04742740615.

ദേശീയ കലാ ഉത്സവ് വിജയികള്‍
കേന്ദ്ര പൊതു വിദ്യാഭ്യാസ വകുപ്പ് ദേശീയ തലത്തില്‍ നടത്തിയ കലാ ഉത്സവ് 2022ല്‍ ആണ്‍കുട്ടികളുടെ തദ്ദേശീയ വാദ്യോപകരണ മത്സരത്തില്‍ സൂരജ് ടി.എസ് (കൊട്ടാരക്കര പെരുങ്കുളം പി.വി.എച്ച്.എസ്.എസ്) ഒന്നാം സ്ഥാനവും വിഷ്വല്‍ ആര്‍ട്‌സ് വിഭാഗത്തില്‍ അക്ഷയ ഷമീര്‍ (കണ്ണൂര്‍ അഴിക്കോട് എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും തദ്ദേശീയ പ്രതിമാ ഉപകരണ നിര്‍മ്മാണത്തില്‍ ബനീറ്റ വര്‍ഗീസ് (വയനാട് കല്ലോടി എസ്.ജെ.എച്ച്.എസ്.എസ്) രണ്ടാം സ്ഥാനവും ശാസ്ത്രീയ നൃത്തത്തില്‍ നിരഞ്ജന്‍ ശ്രീലക്ഷ്മി ( തൃശൂര്‍ ചാഴൂര്‍ എസ്.എന്‍.എം.എച്ച്.എസ്) മൂന്നാം സ്ഥാനവും നേടി ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

എസ്.സി പ്രോമോട്ടര്‍ നിയമനം
വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലേയ്ക്കുള്ള എസ്.സി പ്രൊമോട്ടര്‍മാരുടെ ഇന്‍ര്‍വ്യൂ ജനുവരി 24 രാവിലെ 10.30ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. യോഗ്യത പ്രദേശത്ത് സ്ഥിരതാമസക്കാരായ പ്ലസ്ടു പാസായ 18നും 40നും മധ്യേ പ്രായമുള്ളവര്‍. പട്ടികജാതി വിഭാഗത്തിന് പ്രായപരിധി 50 വയസ്സും എസ്.എസ്.എല്‍സിയുമാണ് യോഗ്യത. വിശദ വിവരങ്ങള്‍ ജില്ലാ,ബ്ലോക്ക്,കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ആഫീസില്‍ ലഭിക്കുന്നതാണ്. ഫോണ്‍ 04742794996

ടെണ്ടര്‍ ക്ഷണിച്ചു
വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നില്‍ക്കുന്ന തേക്ക,് മഹാഗണി, കശുമാവ് എന്നീ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാനതീയതി ജനുവരി 31 വൈകിട്ട് ഒരുമണിവരെ. ഫോണ്‍ 04742467167.

മത്സ്യസമ്പദായോജന മത്സ്യകൃഷി പദ്ധതി
മത്സ്യസമ്പദായോജന പദ്ധതിയുടെ ഭാഗമായി ഓരുജല മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യ യൂണിറ്റ്, ബയോഫ്‌ളോക്ക് ഫാമിംഗ് ഫാമിംഗ്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റ്, ഓരുജല കൂടു കൃഷി എന്നിവ നടപ്പിലാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അലങ്കാര മത്സ്യ വിത്തുല്‍പാദനത്തിലും വിപണനത്തിലും താല്‍പര്യമുള്ളതും സ്വന്തമായോ പാട്ടത്തിലോ കുറഞ്ഞത് 300 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമുള്ളതുമായ വ്യക്തികള്‍, എസ്എച്ച്ജിഎസ്/ജെഎല്‍ജിഎസ്/ സഹകരണസംഘങ്ങള്‍ എന്നിവയ്ക്ക് പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. അപേക്ഷ ജനുവരി 24 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസിലോ മത്സ്യകര്‍ഷക വികസന ഏജന്‍സിയിലോ മത്സ്യഭവന്‍ ഓഫീസിലോ ലഭിക്കണം. ഫോണ്‍ 04742792850, 04742795545

- Advertisment -

Most Popular

- Advertisement -

Recent Comments