നടന്‍ സലിം കുമാറും അന്തരിച്ച നടന്‍ കലാഭവന്‍ മണിയും മിമിക്രിയിലൂടെ സിനിമ രംഗത്ത് എത്തപ്പെട്ടവരാണ്. തന്റെ 23ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സലീം കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അവള്‍ ജീവിതത്തിലേക്ക് വന്നതിന്റെ പിറ്റേദിവസമാണ് തന്നെ സിനിമയിലേക്ക് വിളിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.
കൂടാതെ കല്യാണ ദിവസം കലാഭവന്‍ മണി തന്നോട് പറഞ്ഞ ഒരു കാര്യവും അദ്ദേഹം ആരാധകരോട് പങ്കുവച്ചു. ‘ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും’ എന്നായിരുന്നു കലാഭവന്‍ മണി തന്നോട് പറഞ്ഞതെന്ന് സലിം കുമാര്‍ ഓര്‍ക്കുന്നു.’ അവന്റെ നാക്ക് പൊന്നായി എന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ ദിവസത്തിന് ഇന്നേക്ക് 23 വര്‍ഷങ്ങള്‍ തികയുന്നു. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്റ്റംബര്‍ 14 നു ആയിരുന്നു ഞങ്ങളുടെ വിവാഹം. അന്ന് ഞാനൊരു മിമിക്രിക്കാരന്‍ ആയിരുന്നു. സുനിത എന്റെ ജീവിതത്തിലേക്ക് വന്ന പിറ്റേ ദിവസം ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്.അന്ന് കലാഭവന്‍ മണി എന്റെ കല്യാണത്തിന് വന്നു സ്റ്റേജില്‍ വച്ചു നാട്ടുകാരോട് പറഞ്ഞു ‘ഞാന്‍ സിനിമയില്‍ വന്നു, ഇപ്പോള്‍ എല്ലാവരും പറയുന്നു ഇനി വരാനുള്ളത് സലിംകുമാര്‍ ആണെന്ന് ; സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ‘ അവന്റെ നാക്ക് പൊന്നായി. എന്നും ഓര്‍ക്കാറുണ്ട് സഹോദരാ, കേള്‍ക്കാറുമുണ്ട്.
ഈ ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ തമ്മില്‍ ഒന്ന് വഴക്കിട്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനൊന്നും പത്തു മിനിറ്റിന്റെ ആയുസ്സു പോലും ഉണ്ടായിട്ടില്ല. 49 വയസ്സ് കഴിഞ്ഞ എന്റെ ജീവിതത്തില്‍ എന്നെ ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ രണ്ടു സ്ത്രീകളാണ്. ഒന്ന് എന്റെ അമ്മ കൗസല്ല്യ, പിന്നെ എന്റെ ഭാര്യ സുനിത.മൂന്നുനാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു മേജര്‍ ഓപ്പറേഷന്‍ ഉണ്ടായിരുന്നു, അതിനുശേഷം ഡോക്ടര്‍ എന്നോട് പറഞ്ഞു ‘ഞങ്ങളൊക്കെ നിങ്ങളുടെ ഭാര്യയോട് പറഞ്ഞു ആള്‍ക്ക് കുഴപ്പം ഒന്നുമില്ല റൂമില്‍ പോയി റസ്റ്റ് ചെയ്തോളാന്‍. പക്ഷെ അവര്‍ നിങ്ങളെ റൂമിലേക്കു മാറ്റുന്നത് വരെ I.C.U വിന്റെ വാതിക്കല്‍ നിന്നും മാറിയിട്ടില്ല’.എനിക്ക് അതില്‍ ഒട്ടും അതിശയം തോന്നിയില്ല കാരണം ആ കാത്തിരിപ്പായിരുന്നു I.C.U വില്‍ നിന്നും എന്നെ ഇവിടെ വരെ എത്തിച്ചത്. ഭാര്യയോട് നന്ദി പറയാമോ എന്ന് എനിക്കറിയില്ല. എന്നാലും…..
നന്ദി…. സുനു