യഥാർത്ഥത്തിൽ കൊല്ലം നഗരത്തിലെ വികസനം എവിടെ നിൽക്കുന്നു?ഇപ്പോഴും ശരിയായ ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥയിലാണ്. നഗരം രാജ്യാന്തര നിലവാരത്തിൽ എത്തിക്കും എന്ന് അധികൃതർ പറയുമ്പോൾ ഏത് അടിസ്ഥാനത്തിലാണ് എന്നുകൂടി ചിന്തിക്കേണ്ടി വരുന്നു. അതിന് ഇപ്പോൾ അർബൻ കോൺക്ലേവിന് തുടക്കമായി. കോൺക്ലേവിൽ മുന്നൂറോളം പേർ പങ്കെടുത്തു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പദ്ധതികൾ അവതരിപ്പിച്ചു.ഇതു കൊണ്ട് നഗരം രാജ്യാന്തര നിലവാരത്തിലേക്ക് എത്തുമോ? അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ കൊല്ലം നഗരത്തിൽ ഇപ്പോഴും ഒരു വികസനവും എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും പ്രാധാന്യമർഹിക്കുന്ന മാലിന്യനിർമാർജനത്തിന് ഇത്രയും കാലമായിട്ടും ഒരു ശാശ്വത പരിഹാരം കാണാതെ നിൽക്കുമ്പോൾ, കോൺക്ലേവ് വഴി അതിനു പരിഹാരം കാണാൻ ആവുമോ? വികസന സ്വപ്നങ്ങൾ പറയാനും പ്രചരിപ്പിക്കാനും എളുപ്പമാണ്. പക്ഷേ യാഥാർത്ഥ്യമാക്കുക അസാധ്യം. കുരീപ്പുഴയിലെ ചണ്ഡി ഡിപ്പോ, സ്മശാനങ്ങൾ, റോഡുകൾ തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ ഒരു പരിഹാരവും കാണാതെ തുടരുമ്പോൾ, കോൺക്ലേവിലുടെ ഇതിനെല്ലാം പരിഹാരം കാണാൻ ആവുമോ? കൊല്ലം നഗരത്തിലെ ഹൃദയഭാഗമായ ചിന്നക്കട റൗണ്ടും, അനുബന്ധമായ പാലവും കാണിക്കുന്നത് എന്താണ്? ഇത് മാത്രം പോരെ കൊല്ലത്തെ വികസന രേഖയുടെ യഥാർത്ഥ മുഖം കാണാൻ !ആരു ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല.പക്ഷേ, പരസ്പരം പഴിചാരിയും വികസനങ്ങൾക്ക് ഭംഗം വരുത്തുകയുമാണ് ഓരോ രാഷ്ട്രീയക്കാരും നടത്തുന്നത്. നാട് നന്നാവണം എന്നല്ല. എങ്ങനെ വികസനത്തെ തടയാം അല്ലെങ്കിൽ തുരങ്കം വയ്ക്കാം എന്നാണ് എതിർ കക്ഷികളുടെ ചിന്താഗതി. എല്ലാ വികസനത്തിനും തടസ്സം യഥാർത്ഥത്തിൽ രാഷ്ട്രീയവും രാഷ്ട്രീയക്കാരും ആണെന്ന് ഉള്ളതിൽ ഒരു സംശയവുമില്ല!