റേന്ത…… അഥവാ ലയ്സ്. കൈവിരലുകളുടെ അനര്‍ഗളമായ ചലനത്തില്‍ വിരിയുന്ന ഒരു കലാസൃഷ്ടി .
പോര്‍ച്ചുഗ്രീസ് സാമ്രാജ്യത്വത്തിന്റെ സ്മൃതി പഥങ്ങളിലെ ശേഷിപ്പിന്റെ അദ്ധ്യായത്തിലെ ഒരു ഏട്. കേരളത്തില്‍ കൊല്ലത്തിനു മാത്രം അവകാശപ്പെട്ടിരുന്നതും ഒരുപക്ഷേ,ഇന്ത്യയില്‍ തന്നെ മറ്റെങ്ങും കാണാന്‍ കഴിയാത്തതുമായ ഒരു കലാവിരുന്ന്. അഥവാ, കരവിരുത് . കൊല്ലത്ത് ഇരവിപുരത്ത്തിനു മാത്രം സ്വന്തമായിരുന്നത്.
പോര്‍ച്ചുഗ്രീസ് പദമായ റേന്തക്ക് ലയ്സ് എന്നാണ് അര്‍ഥം. കോട്ടന്‍ നൂലില്‍ കൈവിരലുകളാല്‍ കലയുടെ മായിക വര്‍ണ്ണങ്ങള്‍ ലയ്സുകളിലൂടെ വിരിയിക്കുന്നതാണ് റേന്ത.
ഇരവിപുരത്തെ കടലോര പ്രദേശങ്ങളില്‍ ഈ കരകൌശലവിദ്യ എത്തുന്നത് അഞ്ച് നൂറ്റാണ്ടുള്‍ക്ക് മുമ്പാണ്.
1515 മുതല്‍ 1544 വരെയുള്ള ഇരുപത്തിയൊന്പതു വര്‍ഷക്കാലം ഇരവിപുരത്ത് ഏതാനും പോര്ച്ചുഗ്രീസ് പ്രഭ്വികള്‍ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു. വിനോദത്തിനും സമയമ്പോക്കിനുമായി രാജ്ഞിയും തോഴിമാരും റേന്ത നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്രേ.ഇവരില്‍ നിന്നും തദ്ദേശവാസികളായ സ്ത്രീകള്‍ ഈ വിദ്യ അഭ്യസിച്ചിരുന്നതായി അനുമാനിക്കുന്നു. പഠിച്ചവര്‍ പഠിച്ചവര്‍ തലമുറകള്‍ക്ക് കൈമാറി. അങ്ങനെ തലമുറകള്‍ തലമുറകള്‍ക്ക് കൈമാറി റേന്ത എന്ന കലാരൂപം ഇരവിപുരത്തെ കടലോര വീഥികളില്‍ ഏതാനും ചില വീടുകളില്‍ ഒതുങ്ങി നിന്നു.
റേന്ത നിര്‍മ്മാണത്തില്‍ ഏറെ വൈദഗ്ദ്യം പുലര്‍ത്തിയിരുന്നത്
വൃദധ സ്ത്രീകളാണ്. തോണ്ണൂറിനോടടുപ്പിച്ചവര്‍ ചുറുചുറുക്കോടെ കലാവിരുതുകള്‍ പ്രകടമാക്കുമ്പോള്‍ ആശ്ചര്യം തോന്നുമായിരുന്നു. ഏറെ സൂക്ഷ്മതയും അതിലേറെ ക്ഷമയും ആവശ്യമുള്ള ഒരു തൊഴിലായിരുന്നു.
അഭിമാനത്തോടെ തൊഴിൽ ചെയ്തു അധ്വാനത്തിന്റെ പ്രതിഫലം വാങ്ങുമ്പോല്‍, ഏറെ സംതൃപ്തിയും ചാരിതാർത്ഥ്യവും വ്യദ്ധരായ തൊഴിലാളികൾ അനുഭവിച്ചിരുന്നു. ഉപരി,ശിഷ്ടകാലത്ത് സ്വന്തം കാലിൽ നില്ക്കാമെന്ന പ്രത്യേകതയും.
യഥാര്‍ത്ഥത്തില്‍ ഈ കലയിലൂടെയുള്ള തൊഴിലിനു വേണ്ടത് ഒരു സാധകം തന്നെയാണ്. ഒരു നീണ്ട പരിശീലനം. അതുകൊണ്ടാവണം ഇന്നത്തെ തലമുറയെ ഇതുവേണ്ട രീതിയില്‍ ആകര്‍ഷിക്കപ്പെടാതെ പോയത്.
കണക്കു തെറ്റാത്ത കുരുക്കുകളിലൂടെ ദ്രുതഗതിയില്‍ മെനയുന്ന ഈ കലാനിപുണത എത്ര കണ്ടു പ്രശംസിച്ചാലും മതിവരില്ല.
ചകിരിയില്‍ തീര്‍ത്ത വൃത്താകൃതിയിലുള്ള തലയിണയുടെ പുറത്ത് വെച്ചാണ് റേന്ത നിര്‍മ്മാണം. ഇതിന്റെ മുകളിലായി ഡിസൈന്‍ ചെയ്ത ബയന്റ് വെക്കുന്നു. ഈ ബയന്റില്‍ മൊട്ടുസൂചികള്‍ തറച്ചശേഷം നിരവധി വീര്‍ളകളില്‍ അഥവാ ബോബനുകളില്‍ ചുറ്റിയിരിക്കുന്ന കോട്ടന്‍ നൂല് ഉപയോഗിച്ച് മെനഞ്ഞു തുടങ്ങും. മൂന്നര ഇഞ്ച് നീളമുള്ള മരക്കഷണങ്ങളിലാണ് വീര്‍ള നിര്‍മ്മിക്കുന്നത്.
ഫ്റോക്ക്, ടേബിള്‍ ക്ലോത്ത്, വിന്‍ഡോ കര്‍ട്ടന്‍, ചെയര്‍ ബാക്ക്, ബെഡ്ഷീറ്റ്, പില്ലോ കവര്‍, ക്യാപ്, മീറ്റര്‍ ലയ്സ്, തുടങ്ങി ഒട്ടനവധി റേന്തകള്‍ അഥവാ ലയ്സുകള്‍ ഇത്തരത്തില്‍ നിര്‍മ്മിക്കും.
ഇവിടെ റേന്തയെ പ്രധാനമായും അഭിമുഖീകരിച്ചിരുന്ന പ്രശ്നം വിപണനം ആയിരുന്നു.റേന്തയ്ക്ക് നാട്ടില്‍ ഉപയോക്താക്കള്‍ കുറവാണ്. കാരണം, ഈ ഉദ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടിയിരുന്നത്. അതിനു കാരണമുണ്ട്: ഒരു കര്‍ചീഫ് തന്നെ നിര്‍മ്മിക്കണമെങ്കില്‍ ഒരാളുടെ മൂന്ന് ദിവസത്തെ അധ്വാനമെങ്കിലും വേണ്ടി വരും.ശരാശരി ഒരാള്‍ക്ക് ദിവസം മുപ്പതു രൂപവെച്ച് (അര നൂറ്റാണ്ടിന് മുമ്പുള്ള കണക്ക്) മൂന്ന് ദിവസമാകുമ്പോള്‍ തൊണ്ണൂറുരൂപ കൂലിയിനത്തില്‍ കൊടുക്കുമായിരുന്നു. അക്കാരണത്താല്‍ ഇത്തരം ഒരു കര്‍ചീഫ് വിറ്റഴിച്ചിരുന്നത് നൂറു രൂപക്കാണ്.ടേബിള്‍ ക്ലോത്തിന്റെ വില രണ്ടായിരത്തി അഞ്ഞൂറിലേറെയും വരും.കൂലിയുടെയും മറ്റു അസംസ്കൃത വസ്തുക്കളുടെയും കണക്കു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നും മീതിയായി ഒന്നും ലഭിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്യം.
റേന്ത നിര്‍മ്മാണം 1969 നു മുമ്പ് വരെ ഇരവിപുരത്തുകാര്‍ക്ക് ഒരു കുടില്‍ വ്യവസായമായിരുന്നു. എന്നാല്‍ റേന്ത നിര്‍മ്മാണം പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി 1969 ല്‍ ഇരവിപുരത്ത് വനിതാ കോട്ടേജ് ഇന്റസ്ട്രിയല്‍ കോപ്പറെറ്റീവ് സൊസൈറ്റി എന്ന പേരില്‍ ഒരു സംഘം ആരംഭിച്ചിരുന്നു എന്നാൽ സംഘം പ്രവർത്തനം അധിക നാൾ നീണ്ടു നിന്നില്ല. അതുപോലെ റേന്ത നിര്‍മ്മാണവും.
സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍, ചെന്നൈലുള്ള ഒരു സ്ഥാപനം വഴിയാണ് റേന്ത ഉദ്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത്.
സൂക്ഷ്മതയും വൃത്തിയും റേന്ത നിര്‍മ്മാണത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്. കൃത്യമായി ചെയ്തില്ലെങ്കില്‍ ഉദേശിക്കുന്ന ഡിസൈന്‍ റേന്തയില്‍ രൂപപ്പെടില്ല. വിദേശീയര്‍ വൃത്തിയുള്ള റേന്തകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അവർ കൂടുതല്‍ അലങ്കാരത്തിനായാണ് റേന്ത ഉപയോഗിക്കുന്നത്. ഒറ്റ പ്രാവശ്യത്തെ ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കുകയും ചെയ്യും.
റേന്ത നിർമ്മാണം ഇന്നത്തെ തലമുറയ്ക്ക് കേട്ട് കേൾവി മാത്രമാണ്.
റേന്ത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വൃദ്ധ തൊഴിലാളികളിൽ ഇനി ശേഷിക്കുന്നവർ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. എന്നിരുന്നാലും ആ വൃദ്ധ സ്ത്രീകളിൽ നിന്നും തൊഴിൽ കൈവശമാക്കിയ അൻപത് വയസിന് മുകളിലുള്ള ഏതാനും സ്ത്രീകളെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്. പക്ഷേ, അവർ ഈ രംഗം പൂർണ്ണമായും വിട്ടൊഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ഇതിന്റെ ഒരു ശേഷിപ്പ് പോലും ഇല്ലെന്നുള്ളതാണ് എടുത്തു പറയത്തക്ക പ്രത്യേകത.
ഒരു കാലഘട്ടത്തിന്റെ പ്രൗഢിയും കൈവിരലുകളിലെ മായിക വിസ്മയവും കണ്ടറിഞ്ഞവർക്ക് റേന്ത അഥവ ലയ്സ് നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനോ മറ്റൊന്നിനോട് താതാത്മ്യം ചെയ്യാനോ ആവില്ല .