1973 – ൽ എട്ടാം ക്ലാസ് തോറ്റു. അച്ഛൻ കുടുബം ഉപേക്ഷിച്ചു പോയതോടെ സഹോദരങ്ങളുടെയും അമ്മയുടെയും കാര്യവും വീട്ടുകാര്യവും ആ പയ്യന്റെ ചുമതലയിലായി. അതോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ കൊല്ലത്ത് കല്ലു പാലത്തിന് സമീപം ചെറിയ ഒരു ഷെഡിൽ സൈക്കിൾ റിപ്പയർ ആരംഭിച്ചു.
അച്ഛന്റെ തൊഴിലും അതു തന്നെയായിരുന്നു.
അച്ഛൻ കുടുംബം ഉപേക്ഷിച്ച് പോകുമ്പോൾ ടൂൾകിറ്റും അക്കൂട്ടത്തിൽ പെട്ടത് ഒരു നിമിത്തമായി. അതുകൊണ്ട് ജീവിത പ്രാരാബ്ദത്തിന് മാർഗ്ഗം കാണാൻ തുടക്കമിടാൻ കഴിഞ്ഞു.
ജീവിതം ഇങ്ങനെ പോകുമ്പോൾ, അവിടെ സൈക്കിൾ റിപ്പയറിംഗിനും കാറ്റടിക്കാനുമായി പതിവായി വന്നിരുന്ന എസ് ബി റ്റി ബാങ്ക് ജീവനക്കാരനായിരുന്ന ഹനീഫയുമായി പരിചയത്തിലായി. ഈ പരിചയം ആ പയ്യനെ ബാങ്കിൽ പ്യൂണിന്റെ ജോലിയിൽ കയറാൻ വഴിയൊരുക്കി. എന്നാൽ, ആ ജോലി കഴിഞ്ഞും പയ്യൻ അതിരാവിലെയും വൈകിട്ടും സൈക്കിൾ റിപ്പയറിംഗ് തുടർന്നു.
ബാങ്ക് ജോലിയും സൈക്കിൾ റിപ്പയറിംഗും അഭംഗുരം നടന്നു.
ഇതിനിടയിൽ പയ്യൻ പത്താം ക്ലാസ് പാസായി. 1979 ൽ കാഷ്യർ കം ഗോഡൗൺ കീപ്പർ എന്ന ക്ലർക്കിന്റെ തസ്തികയിൽ കയറ്റം ലഭിച്ചു. തുടർന്ന്, 37 കൊല്ലം സ്തുത്യർഹമായ സേവനത്തിന് ശേഷം 2014 ൽ വിരമിച്ചു.
ഔദ്യോഗിക ജീവിതത്തിനിടയിൽ നിരവധി ബഹുമതികൾ ലഭിച്ചു. ഇന്ത്യയിലെ തന്നെ മികച്ച കാഷ്യർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ദിവസം 80 സ്വർണ പണയം എടുത്ത കാഷ്യർ എന്ന ബഹുമതിയും സ്വർണപ്പണയമടങ്ങിയ പതിനായിരം തുണിസഞ്ചികൾ ആ ബാങ്കിൽ ഒരേ സമയം ലോക്കറിൽ സൂക്ഷിക്കാനും കഴിഞ്ഞു എന്നതും ഏറ്റവും വലിയ പ്രത്യേകതയായി.
ആ പയ്യനാണ്, അയാളാണ്;ചന്ദ്രൻ അഥവാ, നാട്ടുകാർ ഓമനപ്പേരിൽ വിളിക്കുന്ന സൈക്കിൾ ചന്ദ്രൻ!
ചന്ദ്രന് ഒരു മകനും ഒരു മകളും. ഇരുവരും വിവാഹിതർ. ഇവർ വെവ്വേറെ താമസിക്കുന്നു.
ചന്ദ്രനും ഭാര്യയും സ്വന്തമായ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു.
ഇപ്പോഴും ഈ 67-ാം വയസിൽ ചന്ദ്രൻ തന്റെ സൈക്കിൾ റിപ്പയറിംഗ് സൈക്കിളിൽ യാത്ര ചെയ്ത് തുടരുന്നു.
ജീവിക്കാനുള്ള ചുറ്റുപാടുണ്ടെങ്കിലും ഈ തൊഴിൽ ചന്ദ്രന് ഉപേക്ഷിക്കാനാവില്ല. ഇതില്ലെങ്കിൽ ജീവിതവുമില്ല.
സൈക്കിൾ ചന്ദ്രന് മീഡിയായിലൂടുള്ള പ്രശസ്തി ഒട്ടും ആഗഹിക്കുന്നില്ല. പലരും ചെന്നെങ്കിലും സ്നേഹപൂർവ്വവും അല്ലാതെയും ഒഴിഞ്ഞുമാറി.
സമന്വയം ന്യൂസ് താഴെ കാണുന്ന വീഡിയോ ചിത്രങ്ങൾ എടുത്തത് മറ്റൊരു രീതിയിലാണ്. ചന്ദ്രന് സംശയം തോന്നാതിരുന്നില്ല. എങ്കിലും സംശയിച്ചില്ല.
അതുകൊണ്ട് ഈ വീഡിയോ എഡിറ്റ് ചെയ്ത് കാണിക്കാൻ സാങ്കേതികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ അത് അങ്ങനെ തന്നെ കാണിക്കുന്നു.
അല്പം ക്ഷമയുണ്ടെങ്കിൽ, സൈക്കിൾ ചന്ദ്രന്റെ ഈ വീഡിയോ ഇന്നത്തെ തലമുറയ്ക്ക് പ്രത്യേകിച്ചും , ബാങ്ക് ജീവനക്കാർക്ക് തികച്ചും ഒരു മാതൃകയാണ്.
താഴെ കാണുന്ന വീഡിയോയിൽ പ്രസ് ചെയ്ത് ആ മനുഷ്യന്റെ ത്യാഗത്തിന്റെയും ജീവിതചര്യയുടെയും പാഠങ്ങൾ പഠിക്കാൻ അവസരമായിരിക്കും!