28 C
Kollam
Monday, November 4, 2024
HomeMost Viewedഈ മഞ്ചുവിനെ നോക്കു ... ലക്ഷ്യപ്രാപ്തിയിലെത്താൻ കഠിനാദ്ധ്വാനം; സ്ത്രീകൾക്കാകെ മാതൃക

ഈ മഞ്ചുവിനെ നോക്കു … ലക്ഷ്യപ്രാപ്തിയിലെത്താൻ കഠിനാദ്ധ്വാനം; സ്ത്രീകൾക്കാകെ മാതൃക

ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടാക്കുക എന്ന് പറയുന്നത് എല്ലാവരുടെയും പ്രായോഗിക ജീവിതത്തിൽ ഫലപ്രാപ്തിയുണ്ടാകണമെന്നില്ല.
എന്നാൽ, ആ ലക്ഷ്യപ്രാപ്തിയ്ക്ക് കഠിനാദ്ധ്വാനം എന്ന ഒരു തപസ്യയുണ്ടെങ്കിൽ ഒരു പക്ഷേ, അതിലെത്തിച്ചേരാനാകും.
ആ ഒരു പ്രതീക്ഷയുടെയും തപസിന്റെയും സാക്ഷാത്ക്കാരമാണ് കൊട്ടാരക്കര സ്വദേശിനിയും ഇപ്പോൾ കൊല്ലം ആർ ടി ആഫീസിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലി നോക്കുന്ന മഞ്ചു.എസിന്റെ പ്രായോഗികതകൾ.
ഒരു സാധാരണ കുടുംബത്തിൽ പിറന്ന മഞ്ചുവിന് കുട്ടിക്കാലം മുതലെ ഒരു ലക്ഷ്യബോധമുണ്ടായിരുന്നു.  യൂണിഫാം ഇടുന്ന ഒരു സർക്കാർ ജീവനക്കാരിയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കൽ.
അത് സാദ്ധ്യമാകാൻ അഹോരാത്രം യഗ്നിച്ചു തുടങ്ങി.
പഠനത്തെ തുടർന്ന് ഇരുപതാം വയസിൽ റബ്ബർ ബോർഡിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. പിന്നെ, മാറി മാറി പലയിടത്തും പല സർക്കാർ ജോലികൾ ചെയ്തു. ഒടുവിൽ കൊല്ലം ആർ ടി ആഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.
ഈ ജോലിയൊക്കെ ചെയ്യുമ്പോഴും ഒരു യൂണിഫോം ഇട്ട ജോലി മഞ്ചുവിന് കൈവരിക്കാനായില്ല.
ആത്മവിശ്വാസം കൈമുതലാക്കിയ മഞ്ചു അവിടുത്തെ ക്ലർക്ക് ജോലിയിൽ നിന്നും ലീവെടുത്ത് അടൂരിലെ എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ പഠനം ആരംഭിച്ചു. സായാഹ്ന ക്ലാസിലായിരുന്നു ചേർന്നത്.
എഞ്ചിനീയറിംഗിന് ചേരുന്നത് 2013ലാണ്.
ഒരു യൂണിഫാം ഇട്ട സർക്കാർ ജോലി മഞ്ചുവിന്റെ അച്ഛൻ ഭാസ്ക്കരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
പക്ഷേ, മഞ്ചുവിന്റെ പഠന കാലത്തൊന്നും അച്ഛന് മകൾ ആഗ്രഹം നിറവേറുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. അദ്ദേഹം നേരത്തെ തന്നെ മരിച്ചു പോയിരുന്നു.
അമ്മ ശാന്തയ്ക്ക് വീട്ടുജോലി മാത്രമായതിനാൽ പിന്നെ, കുടുംബ പ്രാരാബ്ദം മൊത്തവും മൂത്ത മകളായ മഞ്ചുവിൽ വന്നു ചേർന്നു. മഞ്ചുവിന് രണ്ട് ഇളയ സഹോദരിമാർ കൂടിയുണ്ട്.
മഞ്ചുവിന് ആദ്യമായി ജോലി കിട്ടുമ്പോഴും അച്ഛൻ ജീവിച്ചിരിപ്പുണ്ടായില്ല.
എഞ്ചിനീയറിംഗ് കഴിഞ്ഞതോടെ മഞ്ചുവിന്റെ ആഗ്രഹം കൊല്ലം ആർ ടി ആഫീസിൽ പൂവിടുകയായിരുന്നു.
ക്ലർക്കായി ജോലി ചെയ്ത സ്ഥലത്ത് തന്നെ യൂണിഫാം ഇട്ട ഉദ്ദ്യോഗസ്ഥയായി ജോലിയിൽ പ്രവേശിക്കാനായി.
അങ്ങനെ കൊല്ലം ജില്ലയിലെ പ്രഥമ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാകാൻ അവസരമായി.
മഞ്ചുവിന്റെ അച്ഛന്റെ ആഗ്രഹവും ഇതോടെ സഫലീകരിക്കാനായി.
ഇപ്പോൾ എല്ലാ ഹെവി വെഹിക്കിൾസും മഞ്ചു ഓടിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാ ഹെ വി വെഹിക്കിൾസിന്റെയും ലൈസൻസും ഇതിനോടകം നേടിക്കഴിഞ്ഞു.
മഞ്ചുവിന്റെ തണലിൽ കഴിഞ്ഞിരുന്ന രണ്ട് സഹോദരിമാരും വിവാഹിതരാണ്.
പക്ഷേ, മഞ്ചുവിന്റെ ഭർത്താവ് ഒരു പെൺ കുഞ്ഞിന് ജന്മം നല്കി അധിക നാൾ ആകാതെ ആകസ്മികമായി മരിച്ചു.
അച്ഛന്റെ മരണവും ഭർത്താവിന്റെ മരണവും വല്ലാതെ നൊമ്പരപ്പെടുത്തുമ്പോഴും ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളുമായി എല്ലാം സഹിച്ച് സധൈര്യം മുന്നിട്ടിറങ്ങി, സ്ത്രീകൾക്കാകെ ഒരു മാതൃകയായി ജീവിച്ചു പോകുകയാണ് ഈ മൂപ്പത്തിയാറുകാരിയായ മഞ്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments