പോത്തിറച്ചിക്ക് (Beef) വില തോന്നയ പോലെ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും വില ഏകീകരിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയത്തെ ബീഫ് പ്രേമികൾ രംഗത്ത് വന്നിരിക്കുകയാണ്. മാഞ്ഞൂര്‍ പഞ്ചായത്തില്‍ പോത്തിറച്ചി വില അടുത്തിടെ ഏകീകരിച്ചിരുന്നു. ഇതേ മാതൃകയില്‍ മറ്റു പഞ്ചായത്തുകളും ബീഫ് വില ഏകീകരിക്കണമെന്നാണ് ആവശ്യം. ഒരു കിലോ ബീഫിന് 340 രൂപയാണ് മാഞ്ഞൂര്‍ പഞ്ചായത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ 380 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ബീഫ് വില ഏകീകരിക്കാനുള്ള പഞ്ചായത്തിന്‍റെ തീരുമാനം. എന്നാല്‍ ഈ വില അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ നിലപാടെടുത്തിട്ടുണ്ട്.
340 രൂപയ്ക്ക് നല്ല ഇറച്ചി വില്‍ക്കാന്‍ സാധിക്കില്ലെന്നും വില ഏകീകരിച്ചത് വ്യാപാരികളെ അറിയിച്ചില്ലെന്നുമാണ് ഇവരുടെ വാദം. കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എല്ലാ പഞ്ചായത്തുകള്‍ക്കും ബീഫ് വില ഏകീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പല പഞ്ചായത്തുകളിലും ഈ നിര്‍ദ്ദേശം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. പല പഞ്ചായത്തുകളിലും തോന്നിയ വിലയ്ക്കാണ് പോത്തിറച്ചി വില്‍ക്കുന്നത്. ഓരോ ദിവസവും വില കൂട്ടുന്നതും തോന്നിയ വില ഈടാക്കുന്നതും സാധാരണക്കാരെ ബാധിക്കുമെന്ന് ജനം പറയുന്നു.ജനങ്ങളുടെ പൊതുവായ ആവശ്യം പഞ്ചായത്ത് അധികൃതരും വ്യാപാരികളും ചര്‍ച്ച ചെയ്ത് അനുകൂല തീരുമാനമെടുക്കണമെന്നാണ്.