ട്രോളിംഗ് നിരോധനം അവസാനിച്ച് പുനരാംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി.
വള്ളങ്ങള്‍ക്ക് നേരത്തെ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് അഞ്ചു മുതലും ബോട്ടുകള്‍ക്ക് 10 മുതലും മത്സ്യബന്ധനത്തിന് പോകാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
യാനങ്ങളും ബോട്ടുകളും അതിലെ മുഴുവന്‍ തൊഴിലാളികളും കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയുന്ന മുറക്കാണ് അനുമതി നല്‍കുക. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരെയും കടലില്‍ പോകുന്നതിന് അനുമതി നല്‍കില്ല.
ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോകുന്ന ജീവനക്കാര്‍ക്ക് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റ് മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും കൂടുതല്‍ സമയം ആവശ്യമാണെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പത്താം തീയതി നിശ്ചയിച്ചത്.
നീണ്ടകര-ശക്തികുളങ്ങര, വാടി-തങ്കശേരി ഹാര്‍ബറുകളിലെ മത്സ്യത്തൊഴിലാളി-ബോട്ട് ഓണേഴ്സ് സംഘടനാ പ്രതിനിധികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അഴീക്കല്‍ ഹാര്‍ബറിന് പ്രവര്‍ത്തനാനുമതിയില്ല.
ഹാര്‍ബറുകളിലേക്കുള്ള പ്രവേശനവും പുറത്തു കടക്കലും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ലേല ഹാളിലേക്കും എത്തുന്ന വാഹനങ്ങളുടെയും അടുക്കുന്ന വള്ളങ്ങളുടെയും എണ്ണം ക്രമപ്പെടുത്തും. വള്ളങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നല്‍കുന്ന പാസില്‍ തീയതി, ഹാര്‍ബറിനുള്ളില്‍ തങ്ങാനുള്ള സമയം, അടുക്കേണ്ട ലാന്‍ഡിംഗ് സെന്റര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. നിലവില്‍ ഹാര്‍ബറിലേക്ക് പ്രവേശിക്കാവുന്ന യാനങ്ങളുടെ എണ്ണവും മത്സ്യത്തൊഴിലാളികളുടെ എണ്ണവും ആകെയുള്ളതിന്റെ പകുതിയായിരിക്കും. ലേലവും അനുവദിക്കില്ല.
വീട്ടാവശ്യത്തിനായി മത്സ്യം വങ്ങാനെത്തുന്നവര്‍ക്ക് ഹാര്‍ബറിലേക്ക് പ്രവേശനമില്ല.
ലേല ഹാളില്‍ വള്ളങ്ങളുടെ എണ്ണത്തിന് അനുസൃതമായി കൗണ്ടറുകള്‍ ക്രമീകരിച്ച് വിലവിവരം പ്രദര്‍ശിപ്പിക്കും. ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാമൂഹിക അകലം ഉറപ്പ് വരുത്തി മത്സ്യബന്ധനം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
കൊല്ലം ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം 24 മണിക്കൂറും സമയബന്ധിതമായി കാര്യങ്ങള്‍ നിയന്ത്രിക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത യാനങ്ങളുടെയും ബോട്ടുകളുടെയും ലൈസന്‍സ് റദ്ദാക്കുകയും ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ ഹരികുമാര്‍, എ സി പി എ.പ്രതീപ്കുമാര്‍, കരുനാഗപ്പള്ളി എ സി പി ബി.ഗോപകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്-മത്സ്യഫെഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.