കഠിനമായ ചൂടാണ് പകല്‍ സമയങ്ങളില്‍ ഇവിടെങ്ങും. വേനല്‍ കനത്തതോതെ വേനല്‍ക്കാല രോഗങ്ങളും എത്തിയിരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലം വരവ് അറിയിച്ചിരിക്കുന്നത്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജലം നഷ്ടപ്പെടുകയും ഇതുവഴി നിരവധി അസുഖങ്ങള്‍ നമ്മുടെ ശരീരത്തെ കീഴ്‌പ്പെടുത്തുകയും ചെയ്യും.
ചിക്കന്‍പോക്സ്, അഞ്ചാം പനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്കം എന്നിവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന വേനല്‍ക്കാല രോഗങ്ങള്‍.
വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. പാകം ചെയ്ത ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക. ചൂടുകാലത്ത് പച്ചയ്ക്ക് കക്കിരി കഴിക്കുന്നത് വളരെ നല്ലതാണ്. കക്കിരിയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ തോത് നിയന്ത്രിക്കും. ഇതൊക്കെയാണ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍.