മാതൃദിനം ഈ കോവിഡ് കാലത്ത് ആഘോഷിക്കപ്പെടുമ്പോൾ ഏറെ പ്രസക്തവും ഹൃദയ സ്പർശിയുമായ ഒരു പെയ്ന്റിംഗാണ് ശ്രദ്ധ നേടുന്നത് .ചിത്ര സ്റ്റാൻലി എന്ന കലാകാരിയുടെ ക്യാൻവാസിൽ പടർന്ന ‘അമ്മയും കുഞ്ഞും’.
കഴിഞ്ഞ കോവിഡ് കാലത്ത് മലയാളികളുടെ ഹൃദയം കവർന്ന ഡോ.മേരി അനിതയുടെയും എൽവിൻ എന്ന കൊച്ചു കുഞ്ഞിന്റെയും വീഡിയോ ആണ് ഈ പെയിന്റിങ്ങിന് ആധാരം എന്ന് ചിത്ര സ്റ്റാൻലി പറയുന്നു. അമ്മയും അച്ഛനും കോവിഡ് ബാധിതർ ആയതിനാൽ കുഞ്ഞിന്റെ പരിചരണം അന്ന് ഡോ .മേരി അനിത ഏറ്റെടുക്കുകയായിരുന്നു.
“ജീവിതത്തിൽ നാം കാണുന്ന ചില മനോഹര ദൃശ്യങ്ങൾ ഹൃദയത്തിൽ തങ്ങി നിൽക്കാറുണ്ട്.അതിലൊന്നായിരുന്നു കഴിഞ്ഞ കോവിഡ് കാലത്തെ ആ ഡോക്ടറും കുഞ്ഞും”. ആ കാഴ്ചയാണ് ഈ ചിത്രത്തിന് കാരണമായതെന്ന് ചിത്ര പറയുന്നു.മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് പൂർവ്വ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ചിത്രയുടെ ഈ ‘അമ്മയും കുഞ്ഞും’ ഒന്നാം സ്ഥാനം നേടി.
തൃശ്ശൂർ സ്വദേശിനിയായ ചിത്ര സ്റ്റാൻലി ബാംഗ്ലൂരിലെ പ്രശസ്ത ആനിമേഷൻ കമ്പനിയായ ടെക്നികളറിൽ സീനിയർ സി ജി ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുകയാണ് .
