മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം ലോക്ഡൗണില്‍ കുരുങ്ങുന്നത്. റംസാനിലെ നാലു വെള്ളിയാഴ്ചയും നിയന്ത്രണങ്ങളോടെ പള്ളിയില്‍പോകുവാനായെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീടുകളിലാണ്. പുത്തനുടുപ്പുകളും കുടുംബ സമാഗമങ്ങളുമില്ലെങ്കിലും ആഘോഷത്തിന് കുറവില്ല.
എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കരുതെന്നും ആരോഗ്യ ജാഗ്രത കൈവിടരുതെന്നും പെരുന്നാള്‍ സന്ദേശത്തില്‍ വിവിധ ഖാദിമാര്‍ ഓര്‍മപ്പെടുത്തി. പരസ്പര സ്നേഹവും സൗഹാര്‍ദവുമാണ് ഈദിന്റെ സന്ദേശമെന്നും അത് കാത്തുസൂക്ഷിക്കണമെന്നും പാണക്കാട് ഹൈദരലി തങ്ങള്‍ പറഞ്ഞു.
മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും സന്ദേശമാണ് ഈദുല്‍ഫിതര്‍ എന്നും നോമ്പുകാലത്തുണ്ടായിരുന്ന കരുതല്‍ ആഘോഷങ്ങളിലും ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് നാടുകളിലും പെരുന്നാള്‍ ഒരുമിച്ചെത്തിയെന്ന സന്തോഷവും മലയാളികള്‍ക്കുണ്ട്. ആശംസകളും സുഖാന്വേഷണങ്ങളും കൂട്ടായ്മകളും ഓണ്‍ലൈനായും സമൂഹമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയും സജീവമായിക്കഴിഞ്ഞു