30 C
Kollam
Friday, March 29, 2024
HomeMost Viewedകൊല്ലത്ത്‌ തീരങ്ങളിൽ ആശങ്ക കൂടുന്നു ; മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ കരയ്ക്കടുപ്പിച്ചു

കൊല്ലത്ത്‌ തീരങ്ങളിൽ ആശങ്ക കൂടുന്നു ; മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ കരയ്ക്കടുപ്പിച്ചു

കാറ്റും കോളും കടലിനെ പ്രക്ഷുബ്‌ധമാക്കിയതോടെ മത്സ്യത്തൊഴിലാളികൾ വീണ്ടും ആശങ്കയിൽ. രണ്ടു ദിവസമായി മത്സ്യബന്ധനം മുടങ്ങി. ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് ഹാർബറുകളെ ഒഴിവാക്കിയതോടെ ഞായറാഴ്‌ച അർധരാത്രി മുതലാണ്‌ മത്സ്യബന്ധനം പുനരാരംഭിച്ചത്‌.
തങ്കശേരി, ശക്‌തികുളങ്ങര, അഴീക്കൽ ഹാർബറുകളിൽ നിന്ന് ചൊവ്വാഴ്‌ച കടലിൽപോയ ബോട്ടുകളും വള്ളങ്ങളും ശക്തമായ കാറ്റും അടിയൊഴുക്കും മൂലം തിരികെപ്പോന്നു. എത്രയുംവേഗം തിരികെപ്പോരാൻ അധികൃതരും മുന്നറയിപ്പ്‌ നൽകിയിരുന്നു. ബുധനാഴ്‌ചയും മത്സ്യബന്ധനത്തിനു പോകാനായില്ല. ചൊവ്വാഴ്‌ച അർധരാത്രിയോടെ നൂറിലധികം ബോട്ടും വള്ളങ്ങളുമാണ് കൊല്ലത്ത്‌‌ തീരമടഞ്ഞത്‌.
ശക്‌തികുളങ്ങരയിൽ നിന്നുപോയ കൂറ്റന്‍ ബോട്ടും തങ്കശേരിയിൽ (വാടി)അടുപ്പിക്കുകയായിരുന്നു. അപൂർവം ബോട്ടുകൾക്ക്‌ മാത്രമാണ്‌ അൽപ്പമെങ്കിലും മീൻ ലഭിച്ചത്‌. ജീവനുംകൊണ്ട്‌ തിരികെപ്പോരുകയായിരുന്നുവെന്ന്‌ അഴീക്കലിലെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അഴീക്കൽ പൊഴിമുഖത്ത്‌ മറ്റുള്ളിടത്തേക്കാൾ അടിയൊഴുക്ക്‌ കൂടുതലാണ്‌. മഴവെള്ളം കൂടുതലായി ഒഴുകിയെത്തുന്നുണ്ട്‌. രാവിലെ മുതൽ തീരമേഖലയിൽ ഇരുളും മഴയുമായതിനാൽ ബുധനാഴ്‌ചയും മത്സ്യബന്ധനത്തിനു പോകാനാകാതെ വന്നത്‌ തൊഴിലാളികളെ നിരാശരാക്കി. ഇതിനിടെ ഒറ്റപ്പെട്ട തൊഴിലാളികൾ കടലിൽ പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സർക്കാർ പ്രത്യേകമായി അനുവദിച്ച ഭക്ഷ്യക്കിറ്റും സമ്പാദ്യസമാശ്വാസ പദ്ധതി വിഹിതമായി അനുവദിച്ച 1500 രൂപയുമാണ്‌ തൊഴിലാളികൾക്ക്‌ ഏക ആശ്വാസം.

- Advertisment -

Most Popular

- Advertisement -

Recent Comments