മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനെയും താഹയെയും പുറത്താക്കി സിപിഎം. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കല്‍. വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ സാധിക്കാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. അലന്‍ അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്.
രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താനും തിരിച്ചുവരാനുമുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി.
അതേസമയം പ്രതികളായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 14-ാം തീയതിയിലേക്ക് മാറ്റി. ഹര്‍ജി പരിഗണിക്കുന്ന ദിവസം പൊലീസും സര്‍ക്കാരും ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.