26.2 C
Kollam
Sunday, December 22, 2024
HomeNewsനിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ ; ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കില്ല ; ദര്‍ശനത്തിനായി പമ്പയിലെത്തിയ...

നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ ; ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കില്ല ; ദര്‍ശനത്തിനായി പമ്പയിലെത്തിയ 50 വയസില്‍ താഴെയുള്ള മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു; നടപടി പ്രായം പരിശോധിച്ച ശേഷം

ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെയാണ് പോലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. അതേസമയം, ശബരിമലയിലെ ആചാരത്തെകുറിച്ച് അറിയില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. പമ്പയിലെത്തുന്ന സ്ത്രീകളുടെ ആധാര്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായതോടെ ഇന്ന് 1.15 ഓടെയാണ് തീര്‍ത്ഥാടകര്‍ എത്തി തുടങ്ങിയത്. തീര്‍ത്ഥാടകരെ പടിപടിയായി കടത്തിവിട്ട് 5 മിനുട്ട് ആയപ്പോള്‍ ആയിരുന്നു 15 അംഗ സംഘം എത്തിയത്.

സ്ത്രീകളെ കണ്ടതോടെ പൊലീസ് അവരെ കണ്‍ട്രോള്‍ റൂമിന് സമീപം വിളിച്ചുവരുത്തി ആധാര്‍ കാര്‍ഡ് പരിശോധിക്കുകയായിരുന്നു.

വനിതാ പൊലീസ് ആധാര്‍ പരിശോധിച്ചപ്പോള്‍ അതില്‍ മൂന്ന് സ്ത്രീകളുടെ പ്രായം 50 വയസിന് താഴെയാണെന്ന് മനസിലായി. ഇതോടെ ഇവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് മറ്റുള്ളവരുടെ ആധാര്‍ പരിശോധിച്ച ശേഷം 50 വയസിന് മുകളില്‍ പ്രായം ഉള്ളവരെ മാത്രം കടത്തിവിടുകയുമായിരുന്നു. സ്ത്രീകള്‍ക്കൊപ്പമുള്ള പുരുഷന്‍മാര്‍ കാര്യം തിരക്കിയപ്പോള്‍ ഇത്തരത്തിലൊരു വിലക്ക് നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ മുന്നോട്ട് പോകാന്‍ ആകില്ലെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ തങ്ങള്‍ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടക യാത്രയുടെ ഭാഗമായി എത്തിയതാണെന്നും ആചാരത്തെ കുറിച്ച് അറിവില്ല എന്നുമായിരുന്നു അവരുടെ മറുപടി. മടങ്ങി പോകാന്‍ തയ്യാറാണെന്നും അവര്‍ പോലീസിനെ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവിന് സ്റ്റേ ഇല്ലെങ്കിലും യുവതികളെ ഇത്തവണ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments