അസം പൗരത്വ പട്ടിക വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായെന്ന ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. 2019 ഓഗസ്റ്റ് 31ന് പുറത്തിറക്കിയ അന്തിമ അസം പൗരത്വ പട്ടികയിലെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായതായാണ് ആരോപണം പുറത്തുവന്നിരിക്കുന്നത്. 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയും 19.06 ലക്ഷം ആളുകളെ പുറത്താക്കിയുമുള്ള അന്തിമ പട്ടികയാണ് കഴിഞ്ഞ ദിവസം പെട്ടെന്ന് കാണാതായത്.
nrcassam.nic.in എന്ന വെബ്‌സൈറ്റിലായിരുന്നു പൗരത്വ പട്ടികയുടെ വിവരങ്ങള്‍. എന്നാല്‍, ഇപ്പോള്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ക്ലൗഡ് സ്റ്റോറേജില്‍ കാണാനില്ലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉടന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്ത്ര സൈക്യ സെന്‍സസ് കമ്മീഷണര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.
അതേസമയം വിവരങ്ങള്‍ അപ്രത്യക്ഷമായെന്ന പ്രചാരണം തെറ്റാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉദ്യോഗസ്ഥരെ മാറ്റിയിരുന്നതിനാല്‍ ക്ലൗഡ് സ്റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കേണ്ട വിപ്രോ അത് ചെയ്തിരുന്നില്ല.നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസങ്ങളില്‍ വിവരങ്ങള്‍ അപ്‌ലോഡ് ആകുമെന്നും അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍,വിപ്രോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.