ഒരു സമയത്ത് ഐസ്പ്ലാൻറ് വ്യവസായം സിക്ക് വിഭാഗത്തിൽപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അതിനിപ്പോൾ മാറ്റം വന്നിട്ടുണ്ട്.
വ്യവസായം ഇപ്പോൾ ലാഭകരമെങ്കിലും തൊഴിലെടുക്കാൻ ആൾ ഇല്ലാത്തതാണ് വ്യവസായത്തെ തളർത്തുന്നത്.
ജില്ലയിൽ നൂറോളം ഐസ് പ്ലാൻറുകൾ പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിൽ കൂടുതലും തൊഴിലെടുത്ത് വന്നത് അന്യദേശ തൊഴിലാളികളായിരുന്നു.
കോവിഡിനെ തുടർന്ന് അവർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ടി വന്നു.
ഇത് ഈ മേഖലയെ നല്ല രീതിയിൽ പ്രതികൂലമായി ബാധിച്ചു. മലയാളികളായ തൊഴിലാളികളെ കിട്ടാനുള്ള ബുദ്ധിമുട്ടും അവരുടെ ഉയർന്ന വേതനവും പ്ലാന്റ് ഉടമകളെ തളർത്തുകയാണ്. പിന്നെ ഉയർന്ന വൈദ്യുതി ചാർജ് ഇരുട്ടടിയാവുകയാണ്.
വൈദ്യുതി ചാർജ് ഈടാക്കുന്നത് ഒരു ദിവസത്തിന്റെ മൂന്ന് ഘട്ടങ്ങളായിട്ടാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഒരു ചാർജും വൈകിട്ട് ആറു മുതൽ രാത്രി 10 വരെ മറ്റൊരു ചാർജ്ജും 10 മുതൽ രാവിലെ ആറുവരെ യൂണിറ്റിന് മറ്റൊരു ചാർജ്ജുമാണ് ഈടാക്കുന്നത്.
ഇത് ഐസ് പ്ലാന്റ് വ്യവസായത്തിന് താങ്ങാനാവുന്നില്ലെന്ന് ഉടമകൾ പറയുന്നു. അമോണിയം ഗ്യാസിന്റെ ഉയർന്ന വില മറ്റൊരു പ്രതിസന്ധിയാണ്. അനുബന്ധിയായുള്ള സാധന സാമഗ്രികൾക്കും വില ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും വ്യാപാരം വലിയ ലാഭം ഇല്ലാതെ നടത്തിക്കൊണ്ടുപോകാൻ ആകുമെന്ന് ചില ഐസ് പ്ലാൻറ് വ്യാപാരികൾ പറയുന്നു.
ഒരു ഐസ്ക്യൂബിന് 70 രൂപയാണ്. 45 കിലോയോളം വരും.
പ്ലാന്റിന്റെ രീതി അനുസരിച്ച് 500 ഐസ്ക്യൂബിന് മുകളിൽ ഒരു സമയം ഉത്പാദിപ്പിക്കാനാകും.
ഒരു ഐസ് ക്യൂബ് ആകാൻ വേണ്ടുന്ന സമയം 18 മണിക്കൂറാണ്. ഉത്പാദന ചെലവും തൊഴിലാളികളുടെ വേതനവും മറ്റും കഴിഞ്ഞാൽ ലഭിക്കുന്നത് തുച്ഛമായ ലാഭമാണ്.
എങ്ങനെ പോയാലും നഷ്ടം വരില്ലെന്ന് ചില ഐസ് പ്ലാൻറ് ഉടമകൾ പറയുന്നു.
അസോസിയേഷൻ ഉണ്ടെങ്കിലും അതിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പൊതുവേ അഭിപ്രായമുണ്ട്. ഏകീകരിച്ച ഒരു നയം ഐസ് പ്ലാൻറ് ഉടമകൾക്ക് ഇല്ലാത്തതിനാൽ ഐസ് വില്പന പല വിധത്തിലാണ്.
ഇത് ഒരു രീതിയിൽ ഈ വ്യവസായത്തിൽ നേരിടുന്ന ഒരു വലിയ ഭീഷണിയാണെന്ന്
അഭിപ്രായമുണ്ട്.