കേരളത്തിലെ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയ സ്ലീപ്പർ ബസും, സൈഡ് സീനിംഗ് സർവ്വീസിനും മികച്ച പ്രതികരണം. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസ സൗകര്യം കൊടുക്കുന്ന സ്ലീപ്പർ ബസ് ആരംഭിച്ച നവംബർ 14 മുതൽ ജനുവരി 10 വരെ 2, 80,790 രൂപ വരുമാനം ലഭിച്ചു. തുടർന്ന് ജനുവരി 1 മുതൽ ആരംഭിച്ച സൈഡ് സീനിംഗ് സർവ്വീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേവലം 80 കിലോമീറ്റർ സർവ്വീസുള്ള ഇതിൽ നിന്നും കെഎസ്ആർടിസിക്ക് ദിവസേന 12,000 ത്തിലധികം രൂപയും വരുമാനം ലഭിക്കുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാറിലെ തിരക്ക് വെച്ച് 3 സ്ലീപ്പറും സൈഡ് സീനിങ്ങിൽ നിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നാറിൽ കൂടുതൽ ബസുകൾ ഇത്തരത്തിൽ സർവ്വീസ് ആരംഭിക്കുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. നിലവിൽ ഒരു ബസിൽ 16 സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്, 3 ബസുകളിലായി 48 സ്ലീപ്പർ സീറ്റുകളിൽ ഉള്ളവയിൽ 53 സീറ്റുകൾക്ക് വരെ ദിവസേന ബുക്കിംഗ് ലഭിക്കുന്നു. ഇതിൽ നിന്നും കൂടുതൽ വരുമാനവും കെഎസ്ആർടിസിക്ക് ലഭിക്കുന്നുണ്ട്.
മൂന്നാറിന് വേണ്ടി സെപറേറ്റായി ആയി രണ്ട് സൈഡിലേക്കും 8 സ്ലീപ്പർ വീതമുള്ള രണ്ട് കമ്പാർട്ട്മെന്റായുള്ള ബസിന്റെ നിർമ്മാണവും ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
മൂന്നാർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെടുന്ന സർവ്വീസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിന്റ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെഎസ്ആർടിസി സ്റ്റേഷനിൽ എത്തിക്കും. ഓരോ പോയിന്റുകളിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കാൻ അവസരം നൽകും, പുതിയതായി ടാറ്റയുടെ ടീ എസ്റ്റേറ്റിലും, റ്റീ മ്യൂസിയത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. റ്റീ മ്യൂസിയത്തിൽ എത്തുന്ന കെഎസ്ആർടിസി യാത്രക്കാർക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുന്നു. കൂടാതെ ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോ മീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്. സ്ലീപ്പർ ബസിലെ താമസക്കാർക്ക് 200 രൂപമാത്രമാണ് ടിക്കറ്റ് നിരക്ക്.