28.3 C
Kollam
Friday, November 22, 2024
HomeNewsവിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല; മന്ത്രി എം വി ഗോവിന്ദന്‍

വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ല; മന്ത്രി എം വി ഗോവിന്ദന്‍

വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സംസ്ഥാനത്ത് മതം മാനദണ്ഡമല്ലെന്ന്‌ മന്ത്രി എം വി ഗോവിന്ദന്‍. വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്‌ട്രേഷന്‌ ആവശ്യമില്ല. വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്നും മന്ത്രി പറഞ്ഞു.

എല്ലാ വിവാഹങ്ങളും 2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം കക്ഷികളുടെ മതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, 2015ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി. തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നുവന്നതെന്ന് മന്ത്രി പറഞ്ഞു.

വിവാഹങ്ങളുടെ സാധുത നിര്‍ണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്‌ട്രേഷന് വേണ്ടി കക്ഷികള്‍ നല്‍കുന്ന ഫോറം ഒന്നില്‍ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല. നിലവില്‍ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളില്‍ നിന്നാണ് രജിസ്‌ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അധിക വിവരങ്ങള്‍ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങള്‍ക്ക് അറുതിവരുത്താനാണ് സര്‍ക്കുലര്‍ ഇറക്കിയത്‌.

- Advertisment -

Most Popular

- Advertisement -

Recent Comments