പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്‌ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്‌ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്‌നാനം ശനിയാഴ്‌ച പകൽ 11 മുതലും അനുവദിക്കും. ത്രിവേണി നടപ്പാലം മുതൽ നൂറ്റമ്പത് മീറ്ററും തൊട്ടുതാഴെ 170 മീറ്ററുമാണ് പമ്പാ സ്നാനത്തിന് അനുവദിക്കുക. തീർഥാടകരുടെ സുരക്ഷയ്‌ക്കായി പൊലീസും അഗ്നിരക്ഷാ സേനയും സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ ജിവ്യാ എസ്സ അയ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പമ്പ സ്‌നാനത്തിന് നാലു പ്രവേശന കവാടം ആണ് ഉണ്ടാവുക. ഇതിലൂടെ മാത്രമേ തീർത്ഥാടകർ സ്നാനത്തിന് പ്രവേശിക്കാവു. പമ്പയിൽ ജലനിരപ്പ് ഉയരുകയാണെങ്കിൽ അതാത് സമയത്ത് ക്രമീകരണം വിലയിരുത്താൻ എഡിഎമ്മിൻറെ നേതൃത്വത്തിൽ പമ്പയിൽ തന്നെ യോഗം ചേർന്ന് തീരുമാനിക്കും.രാത്രി എട്ടു വരെയാണ് പ്രവേശനം. പരമ്പരാഗത പാത ഞായറാഴ്ച പുലർച്ചെ രണ്ടുമുതൽ തുറന്നുകൊടുക്കും.