‘മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന’ സുധാകരന്റെ പരാമര്‍ശമാണ് കേസിന് ആസ്‌പദം.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.
എന്നാൽ സുധാകരൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെ സുധാകരന്റെ വാദങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി. അങ്ങനെയൊരു നാട്ടുഭാഷ സുധാകരന്റെ നാട്ടിലില്ലെന്ന് സ്വരാജ് പറഞ്ഞു.
അതേസമയം സുധാകരനെതിരെ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് ആരോപിച്ചു.