27.4 C
Kollam
Sunday, December 22, 2024
HomeRegionalCulturalസംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം 'ആവാസവ്യൂഹം'

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ‘ആവാസ വ്യൂഹ’മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ‘ആർക്കറിയാം’ എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡംഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജ്ജും മികച്ച നടൻമാർക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഭൂതകാലത്തിലെ അഭിനയ മികവിന് രേവതി മികച്ച നടിയായി. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദ് ആർ. കെ മികച്ച തിരക്കഥാകൃത്തായപ്പോൾ മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) ശ്യാം പുഷ്‌കരൻ പുരസ്‌കാരം നേടി. ജനപ്രീതി നേടിയ ചിത്രം ഹൃദയം.

സജാസ് റഹ്‌മാൻ, ഷിനോസ് റഹ്‌മാൻ എന്നിവർ സംവിധാനവും ഷറഫുദ്ദീൻ ഇ.കെ നിർമാണവും നിർവഹിച്ച ചവിട്ട്, താര രാമനുജൻ സംവിധാനം ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച നിഷിദ്ധോ എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം പങ്കുവച്ചു. കളയിലെ ഉജ്ജ്വലമായ അഭിനയത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവ നടനും ഉണ്ണിമായ പ്രസാദ് ജോജിയിലൂടെ മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു.

ഹൃദയത്തിലെ വൈവിധ്യമാർന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയ ഹിഷാം അബ്ദുൾ വഹാബാണ് മികച്ച സംഗീത സംവിധായകൻ. ജോജിയിലൂടെ ജസ്റ്റിൻ വർഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. മിന്നൽ മുരളിയിലെ ‘രാവിൽ മയങ്ങുമീ പൂമടിയിൽ….’ ആലപിച്ച പ്രദീപ് കുമാറാണ് മികച്ച പിന്നണി ഗായകൻ. കാണെക്കാണെ (‘പാൽനിലാവിൻ പൊയ്കയിൽ…’) സിത്താര കൃഷ്ണകുമാർ മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു.

മാസ്റ്റർ ആദിത്യൻ (ചിത്രം- നിറയെ തത്തകൾ ഉള്ള മരം) മികച്ച ബാലതാരമായി(ആൺ), സ്‌നേഹ അനു (ചിത്രം- തല) മികച്ച ബാലതാരമായും (പെൺ) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച കഥാകൃത്ത് ഷാഹി കബീർ (നായാട്ട്), മികച്ച ഛായഗ്രാഹകൻ മധു നീലകണ്ഠൻ (ചുരുളി), മികച്ച ഗാനരചയിതാവ് വി.കെ ഹരിനാരായണൻ (കാടകലം-‘കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ…’), മികച്ച ചിത്രസംയോജകൻ മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്), മികച്ച കലാസംവിധായകൻ ഗോകുൽദാസ് എ.വി (തുറമുഖം), മികച്ച സിങ്ക് സൗണ്ട് അരുൺ കുമാർ അശോക്, സോനു.കെ.പി (ചവിട്ട്), മികച്ച ശബ്ദമിശ്രണം ജസ്റ്റിൻ ജോസ് (മിന്നൽ മുരളി), മികച്ച ശബ്ദരൂപകൽപ്പന രംഗനാഥ് രവി (ചുരുളി), മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി (ആർക്കറിയാം), മികച്ച വസ്ത്രാലങ്കാരം മെൽവി. ജെ (മിന്നൽ മുരളി), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) ദേവി എസ് (ദൃശ്യം 2), മികച്ച നൃത്തസംവിധാനം അരുൺലാൽ (ചവിട്ട്), മികച്ച നവാഗത സംവിധായകൻ കൃഷ്‌ണേന്ദു കലേഷ് (പ്രാപ്പെട), മികച്ച കുട്ടികളുടെ ചിത്രം കാടകലം (നിർമാതാവ് – സുബിൻ ജോസഫ്), മികച്ച വിഷ്വൽ എഫക്ട്‌സ് ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി), മികച്ച പ്രൊസസിങ് ലാബ് ലിജു പ്രഭാകർ (രംഗ്‌റേയ്‌സ് മീഡിയ വർക്‌സ്) (ചുരുളി).

കഥ തിരക്കഥ എന്നിവയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് ഷെറി ഗോവിന്ദൻ (അവനോവിലോന), പ്രത്യേക ജൂറി പരാമർശം ജിയോ ബേബി (ഫ്രീഡംഫൈറ്റ്).
142 ചലച്ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്. മൂന്ന് ഘട്ടങ്ങൾ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സയ്യിദ് അഖ്തർ മിർസ ജൂറി ചെയർമാനായ അന്തിമ വിധി നിർണയ സമിതി പുരസ്‌കാരത്തിന് അർഹരായവരെ തിരഞ്ഞെടുത്തത്. 65 നവാഗത സംവിധായകരും 6 വനിതാ സംവിധായകരും ശക്തമായ സാന്നിധ്യം അറിയിച്ചപ്പോൾ ചലച്ചിത്ര മേഖലയിൽ ട്രാൻസ്ജൻഡർ വ്യക്തികളുടെ മുന്നേറ്റത്തിനും ഇത്തവണത്തെ സിനിമാ മേഖല സാക്ഷ്യം വഹിച്ചു.

2021ലെ രചന വിഭാഗം ചലച്ചിത്ര അവാർഡിന് 24 ഗ്രന്ഥങ്ങളും 53 ലേഖനങ്ങളും സമർപ്പിക്കപ്പെട്ടു. മികച്ച ചലച്ചിത്ര ഗ്രന്ഥമായി പട്ടണം റഷീദിന്റെ ചമയം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചലച്ചിത്ര ലേഖനം ജിതിൻ കെ.സി (മലയാള സിനിമയിലെ ആണൊരുത്തൻമാർ: ജാതി, ശരീരം, താരം), പ്രത്യേക ജൂറി പരാമർശങ്ങൾ നഷ്ട സ്വപ്നങ്ങൾ (ആർ ഗോപാലകൃഷ്ണൻ ചലച്ചിത്ര ഗ്രന്ഥം), ഫോക്കസ്: സിനിമാപഠനങ്ങൾ (ഡോ. ഷീബ എം. കുര്യൻ – ചലച്ചിത്ര ഗ്രന്ഥം), ജോർജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും (ഡോ. രാകേഷ് ചെറുകോട് – ചലച്ചിത്ര ലേഖനം).
സയ്യിദ് അഖ്തർ മിർസ ചെയർമാനും ഡോ. കെ. ഗോപിനാഥൻ, സുന്ദർദാസ്, ബോംബൈ ജയശ്രീ, സുരേഷ് ത്രിവേണി, ഹരിന്ദ്രനാഥ് ദ്വാരക് വാര്യർ, ഫൗസിയ ഫാത്തിമ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചത്. വി. കെ. ജോസഫ് ചെയർമാനും മനില സി മോഹൻ, ഡോ അജു കെ നാരായണൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് രചന വിഭാഗം അവാർഡുകൾ നിർണയിച്ചത്.

- Advertisment -

Most Popular

- Advertisement -

Recent Comments