25.8 C
Kollam
Sunday, May 19, 2024
HomeEntertainment'ഉടലി'ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും; മലയാള സിനിമക്ക് ഏറെ പ്രതീക്ഷ

‘ഉടലി’ൽ നിറയുന്നത് ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും; മലയാള സിനിമക്ക് ഏറെ പ്രതീക്ഷ

ആസ്വാദനം

ഉടൽ

വൃദ്ധനായ കുട്ടിച്ചന്റെ(ഇന്ദ്രൻസ്)മരുമകളും ഒരു കുട്ടിയുടെ അമ്മയുമായ ഷൈനി(ദുർഗ കൃഷ്ണ)ഭർത്താവായ റെജി(ജൂഡ് ആന്റണി ജോസഫ്)യുടെ അസാന്നിദ്ധ്യത്തിൽ നടത്തുന്ന അവിശുദ്ധ ബന്ധം ഒരു രാത്രിയിൽ കുട്ടിച്ചന്റെ വീട്ടിൽ വരുത്തിത്തീർക്കുന്ന അപ്രതീക്ഷിതവും സംഭ്രമജനകമായ സംഭവങ്ങളുടെ ചടുലമായ ആവിഷക്കാരമാണ് ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ രതീഷ് രഘുനന്ദൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഉടൽ’എന്ന ചലച്ചിത്രം.

കാഴ്ച തീരെയില്ലാത്ത കുട്ടിച്ചന്റെ സ്നേഹനിധിയും കിടപ്പുരോഗിയുമായ ഭാര്യ കൊച്ചുവിനെ ഭർത്താവിന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഉദ്യോഗം പോലും കളഞ്ഞ് ശുശ്രൂഷിക്കേണ്ടിവരുന്ന ദുർഗന്ധപൂരിതമായ, മനം മടുപ്പിക്കുന്ന അവസ്ഥയിൽ നിന്ന് മോചനം നേടാൻ കൊച്ചുവിനേയും തുടർന്ന് കുട്ടിച്ചനേയും ഇല്ലായ്മ ചെയ്യാൻ ഷൈനി; കാമുകൻ കിരണുമായി(ധ്യാൻ ശ്രീനിവാസൻ) ചേർന്ന് നടത്തുന്ന ഉദ്യേകജനകമായ ശ്രമത്തിന്റെ ചുവടുപിടിച്ചാണ് ഉടലിന്റെ യാത്ര.

ആ രാത്രിയിൽ കിരൺ ഷൈനിയുടെ കിടക്കറയിലേക്ക് ചെല്ലുമ്പോൾ വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് അവർ ചിന്തിച്ചിരുന്നില്ല. ഷൈനിയുടെ കയ്യിലെ കളിപ്പാവയായി മാറുന്ന കിരൺ വേട്ടയ്ക്ക് കൂട്ടായ വേട്ടക്കാരന്റെ വേഷമാണ് അണിയുന്നത്.

ദുർബ്ബലൻ എന്നു തോന്നിക്കുന്ന കുട്ടിച്ചൻ തന്റെ സ്നേഹഭാജനം കൊല്ലപ്പെട്ടു എന്നു മനസ്സിലാക്കുന്ന നിമിഷം മുതൽ ഒരു അതികായന്റെ ആത്മബലത്തോടെ കായബലത്തിൽ ശക്തമായ കിരണിനേയും ഷൈനിയേയും കുടുക്കിലാക്കി വർദ്ധിത ഊർജ്ജത്തോടെ തന്ത്രപരമായി നേരിടുന്ന കാഴ്ച പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നുണ്ട്.

അതിരു വിടാത്ത ശൃംഗാര രംഗങ്ങളും സംഭാഷണങ്ങളും മേമ്പൊടി എന്നോണമുള്ള കിരണിൻറെയും കൂട്ടുകാരുടെയും ഇരുണ്ട ഹാസ്യവും ചേർന്ന് ആദ്യ പകുതി ആകർഷമാകുമ്പോൾ രണ്ടാം പകുതി പൂർണ്ണമായും പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രില്ലടിപ്പിക്കുന്നു.

മനുഷ്യർക്കിടയിലെ ആത്മബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപജയം കുടുംബ പശ്ചാത്തലത്തിൽ ത്രില്ലർ ഗണത്തിൽ പെടുത്തിയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. മികച്ചൊരു ക്രാഫ്റ്റ്മാന്റെ കൈയ്യൊതുക്കം തിരക്കഥാരചനയിലും ആവിഷ്ക്കാരത്തിലും സംവിധായകൻ പുലർത്തുന്നുണ്ട്. പ്രമേയാവതരണത്തിൽ പാലിച്ച മിതത്വവും ചടുലതയും ശ്രദ്ധേയമാണ്.ഒരു ഉടലിന്റെ ഉള്ളിലെ രഹസ്യ അറകൾ തുറന്നാൽ എത്രയെത്ര ഭാവങ്ങൾ…കാമ,ക്രോധ,ലോഭാദികളുടെ വലിയൊരു സഞ്ചയം. ഒന്നിലധികം ഉടലുകളുടെ കാമനകൾ ഒത്തുചേരാം, കലഹിക്കാം, വേർപപിരിയാം, യുദ്ധം പ്രഖ്യാപിക്കാം. അങ്ങനെയുള്ള ഉടലുകളുടെ ഉള്ളറകളിലേക്കുതന്നെയാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്.

ഉടലിന്റെ ഉള്ളകമറിയുന്ന ദൃശ്യങ്ങളാണ് മനോജ് പിള്ളയുടെ ക്യാമറക്കണ്ണുകൾ പകർത്തിയിട്ടുള്ളത്. വീടിനുള്ളിലെ അകത്തളങ്ങളിൽ ഇരുളിന്റെ മറവിലെ ദൃശ്യഭംഗി പകർന്നു തരുന്നു ഛായാഗ്രാഹകൻ.

പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചടുല ദൃശ്യങ്ങളിൽ നിഷാദ് യൂസഫ് എന്ന എഡിറ്ററുടെ മികവ് പ്രകടമാണ്. ഉടൽ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നെങ്കിൽ, ത്രസിപ്പിക്കുന്നെങ്കിൽ വില്യം ഫ്രാൻസിസ് ഒരുക്കിയ പശ്ചാത്തലസംഗീതത്തിന് അതിൽ വലിയ പങ്കാണുള്ളത്.നിശബ്ദതയുടെ സംഗീതം പോലും മിഴിവോടെ ഉപയോഗിച്ചിരിക്കുന്നു.
സഹസ് ബാല ഒരുക്കുന്ന കലാസംവിധാനം ചിത്രം ആവശ്യപ്പെടുന്ന മികവോടെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.

ആർദ്രതയും ദൈന്യതയും രൗദ്ര ഭാവങ്ങളുമെല്ലാം മുഖത്തും ചലനങ്ങളിലും പകർന്നാടിക്കൊണ്ട് ഇന്ദ്രൻസ്, കുട്ടിച്ചൻ എന്ന കേന്ദ്രകഥാപാത്രത്തെ അവിസ്മരണീയമാക്കിയിരിക്കുന്നു. അന്ധതയും വാർദ്ധക്യവും നൽകുന്ന ദൗർബ്ബല്യങ്ങളിൽ നിന്ന് അടങ്ങാത്ത പകനിറഞ്ഞ വേട്ടക്കാരനിലേക്കുളള ഇന്ദ്രൻസിന്റെ വേഷപ്പകർച്ച പ്രേക്ഷകനെ ത്രസിപ്പിക്കുന്നതാണ്.

വീടൊരു തടവറയായ, ദുസ്സഹമായ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചുപോകുന്ന വീട്ടമ്മയായും കാമുകിയായും വേട്ടക്കാരനു മുന്നിൽ പൊരുതി ജയിക്കാൻ വെമ്പൽ കൊള്ളുന്ന രൗദ്ര ഭാവം പൂണ്ട ഇരയായും മികവുറ്റ പ്രകടനമാണ് ഷൈനി എന്ന കഥാപാത്രത്തെ അവതരിപ്പി ക്കുന്ന ദുർഗ കൃഷ്ണ കാഴ്ചവയ്ക്കുന്നത്.

ഷൈനിയുടെ മാന്ത്രിക വലയത്തിൽ അകപ്പെട്ട് കൊലപാതകത്തിനുവരെ കൂട്ടുനിൽക്കേണ്ടിവരുന്ന കിരൺ എന്ന യുവാവിനെ ധ്യാൻ ശ്രീനിവാസനും തന്മയത്തത്തോടെ അവതരിപ്പിച്ചു. മറ്റുള്ള ഓരോ കഥാപാത്രത്തിനും ഒരു ഇരിപ്പടം സംവിധായകൻ പകുത്തു നൽകിയിട്ടുമുണ്ട്. ഈ ചെറിയൊരു ‘ഉടലി’ൽ നിറയുന്ന ഉദ്വേഗവും ഊഷ്മളതയും ഉന്മാദവും പ്രേക്ഷകന്റെ മനസ്സു നിറയ്ക്കുന്നതാകുമ്പോൾ മലയാളസിനിമയ്ക്ക് പ്രതീക്ഷ ഏറുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments