മയക്ക് മരുന്നു പോലെ ആപത്ക്കരമാണ് മൊബൈൽ ഫോണിന്റെ ഉപഭോഗവും. അതിന്റെ അമിത ഉപയോഗം ഒടുവിൽ കൊണ്ട് ചെന്ന് എത്തിക്കുന്നത് ഏറ്റവും അപകടാവസ്ഥയിലാണ്. ദൈനം ദിന ജീവിതത്തിൽ മൊബൈൽ ഫോൺ ജീവവായു പോലെ ഒരു ആവശ്യ ഘടകമായി മാറിയിരിക്കുകയാണ്.
ഒരു പക്ഷേ, പിറന്ന് വീണ് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മുതൽ കുഞ്ഞുങ്ങൾ പോലും മൊബൈൽ ഫോണിലെ ചിത്രങ്ങൾ, പാട്ടുകൾ മുതലായവ കണ്ടും കേട്ടും ആകൃഷ്ടരായി വരുന്നത് ഒരു രീതിയായി മാറിയിരിക്കുകയാണ്. ആ കുഞ്ഞു പോലും ഇതെന്താണെന്ന് തിരിച്ചറിയുന്നില്ലെങ്കിലും കുഞ്ഞിന്റെ ഓർമ്മകളിൽ ഇതിന്റെ ശകലങ്ങൾ അറിയാതെ കടന്നു കൂടുന്നത് തികച്ചും യാദൃഛികമാണ്. ഇവിടെ അതിനുളള ഉത്തരവാദികൾ ആരാണ് ?
കുഞ്ഞു മനസിൽ പോലും ഇതിന്റെ വിത്തുകൾ വിതറുമ്പോൾ, കുഞ്ഞിന്റെ കരച്ചിൽ അടക്കാൻ അല്ലെങ്കിൽ സന്തോഷിപ്പിക്കാൻ മൊബൈൽ ഫോൺ പിന്നെ ഒരു ഉപാധിയായി മാറുന്നു. കുഞ്ഞു മനസിൽ അതിന്റെ സ്വാധീനം ആഴത്തിൽ ഊന്നിയാൽ പിന്നെ, മൊബൈൽ ഫോൺ പലപ്പോഴും ഒഴിവാക്കാനാവാത്ത ഘട്ടത്തിൽ എത്തപ്പെടുന്നു. ആഹാരം കൊടുക്കുമ്പോൾ അല്ലെങ്കിൽ, ആഹാരം കഴിക്കുമ്പോൾ പോലും കുഞ്ഞിന് മൊബൈൽ ഫോണിന്റെ അഭാവം സംസാരിച്ച് തുടങ്ങാത്ത അവസ്ഥയിൽ പോലും പ്രകടമാക്കപ്പെടുന്നു.
കാലം ഇപ്പോൾ ഏതാണ്ട് ഈ അവസ്ഥയിൽ എത്തിയിരിക്കുകയാണെന്ന വസ്തു വല്ലാതെ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.
കുഞ്ഞുങ്ങൾ ഇങ്ങനെ എങ്ങനെയായി?
അതിന് ഉത്തരവാദികൾ മാതാപിതാക്കളോ അല്ലെങ്കിൽ, മറ്റ് മുതിർന്നവരോ ആണെന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട. നേരവും കാലവും നോക്കാതെ ഇക്കൂട്ടരും മൊബൈൽ ഫോണിൽ വ്യാപൃതരാകുന്നത് ഒരു പ്രക്രിയയും പ്രതിഭാസവുമായി മാറിയിരിക്കുകയാണ്.
മൊബൈൽ ഫോണിന്റെ ആകൃഷ്ടകമായ വലയം ഗുണത്തേക്കാൾ ഉപരി,കൂടുതൽ ദോഷങ്ങളെയാണ് ഇന്ന് ഇട വരുത്തി കാണുന്നത്. യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് ? ഇവിടെ ആർക്ക് ആരെ കുറ്റപ്പെടുത്താനാവും!
ലോകം തന്നെ നിയന്ത്രിക്കാൻ ഒരു പക്ഷേ, നമ്മുടെ വിരൽ തുമ്പിലൂടെ മൊബൈൽ ഫോണുകൾക്ക് കഴിയുമ്പോൾ, അതിന്റെ അനന്ത സാധ്യതകളും ഉപരിപ്ലവങ്ങളും ഒരു യുദ്ധസമാനതയ്ക്ക് പോലും വഴിയൊരുക്കുന്നതായി കാണാം. എന്നല്ല, അങ്ങനെ ഉണ്ടായിക്കൂടില്ലെന്ന് കരുതാനാവില്ല.
ഇന്ന് സർവ്വ സാധാരണമായി കാണുന്ന അസ്വഭാവിക മരണങ്ങൾക്ക് പോലും പിന്നിൽ മൊബൈൽ ഫോണിന്റെ ഒരു സ്വാധീനം കൂടുതൽ പ്രകടമാകുന്നുണ്ട്.
ആത്മഹത്യകൾ, എന്തിന് പറയുന്നു; സ്ത്രീധന പീഢനത്തിന്റെ കഥകളിലെ വില്ലൻ കഥാപാത്രമായി പോലും മൊബൈൽ ഫോൺ സംഭാഷണ ശകലങ്ങൾ തെളിവുകളായി വരുമ്പോൾ,ഒന്നുമറിയാത്ത മൊബൈൽ ഫോണിനെ പഴിച്ചിട്ട് കാര്യമുണ്ടോ!
ഇപ്പോൾ സ്ക്കൂൾ കുട്ടികളിലെ മാറ്റങ്ങൾ പ്രത്യേകിച്ചും ആൺകുട്ടികളിലേത്, അദ്ധ്യാപികമാരെയും സഹപാഠികളായ പെൺകുട്ടികളോടും പെരുമാറുന്നത് ഏതാനും ദിവസങ്ങളിലെ ചർച്ചാ വിഷയമായിരുന്നു. നല്ലൊരു ശതമാനം പെൺകുട്ടികളും ഈ രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവരും വിഭിന്നമല്ലെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
ഭർതൃമതികളായ സ്ത്രീകൾ പലരും കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പ്രായം പോലും നോക്കാതെ, കാമുകന്റെ കൂടെ ഇറങ്ങി പോകുന്നതിന്റെ പിന്നിലും എന്താണുളളത്! ഇതിനെല്ലാം ഉത്തരവാദി കൈവെള്ളയിൽ മാത്രം ഒതുങ്ങുന്ന ഒരു ഇലക്ട്രോണിക്ക് ഡിവൈസ് ആണെന്ന് പറയുമ്പോൾ അതിന്റെ അത്യുന്നതമായ, ബ്രഹൃത്തായ, നിർവ്വചനത്തിന് അപ്പുറമായ ഒരു ഉപാധിയായി വേണ്ടേ മൊബൈൽ ഫോണിനെ കരുതാൻ!
ഒരു വിഷയം വലുതാക്കാനും ചെറുതാക്കാനും അല്ലെങ്കിൽ,നേരത്തെ സൂചിപ്പിച്ച പോലെ യുദ്ധസമാനമാക്കാൻ മൊബൈൽ ഫോണിനല്ലാതെ മറ്റെന്തിനാണ് ഇന്ന് സാധിക്കുക!
നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന ഏതൊരു വിഷയത്തിനും സമാനതകളില്ലാത്ത,അതിർ വരമ്പില്ലാത്ത, രൂപ ഭാവങ്ങളിലേക്കാണ് ആ വിഷയങ്ങൾ ഒടുവിൽ എത്തപ്പെടുന്നത് എന്നത് ആശ്ചര്യത്തിലുപരി നാശോൻമുഖതയാണ് വിഭാവന ചെയ്യുന്നത്.
ലഹരി വസ്തുക്കൾക്ക് അടിമയാകുന്ന പോലെ യഥാർത്ഥത്തിൽ, മൊബൈൽ ഫോണിനും ഓരോ വ്യക്തിയും അടിമയായി മാറുകയാണ്.
ലഹരി വസ്തുക്കളുടെ അമിത ഉപഭോഗം വ്യക്തിയുടെ അധ:പതനത്തിന് ഇട വരുത്തുമ്പോൾ ചികിത്സ തേടേണ്ടി വരുന്നതു പോലെ, മൊബൈൽ ഫോണിന് അടിമയാകുന്ന വ്യക്തിയ്ക്കും ചികിത്സ അനിവാര്യമായി വരുന്നു. അങ്ങനെ ചികിത്സ ലഭിക്കാതെ വരുമ്പോഴാണ് പലരും ആത്മഹത്യയിൽ അഭയം പ്രാപിച്ചു കാണുന്നത്. ഈ ട്രെന്റ് ഇന്ന് വ്യാപകമാകുകയാണ്. പുതിയ തലമുറയെ കൊണ്ടു ചെന്നെത്തിക്കുന്നത് ഒരു വല്ലാത്ത ലോകത്തേക്കാണ്.
മയക്കു മരുന്നിനെപ്പോലെ തന്നെ മൊബൈൽ ഫോണിന് അടിമയാകുന്നവരുടെയും ശാസ്ത്രയെ വശങ്ങൾ ഈ അവസരത്തിൽ വിലയിരുത്തേണ്ടതായുണ്ട്.
മയക്ക് മരുന്ന് ഉപയോഗം അപകടകരമായ ഉൻമേഷവും ഊർജ്ജവുമാണ് നല്കുന്നത്. നമ്മുടെ തലച്ചോറിന്റെ മുൻ വശത്ത് “ഡോപമിൻ” എന്ന ഒരു രാസവസ്തു ഉണ്ട്. ശരീരത്തിൽ ശ്രദ്ധയുടെയും ഏകാഗ്രതയുടെയും നിയന്ത്രണം വഹിക്കുന്ന രാസവസ്തുവാണിത്. ഡോപമിൻ കൂടുമ്പോൾ സാധാരണ ഗതിയിൽ സന്തോഷവും ഊർജ്ജവും ലഭിക്കും.
നല്ല പാട്ടുകൾ കേൾക്കുമ്പോൾ,കളിക്കുമ്പോൾ,നല്ല പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ,നല്ല കാര്യങ്ങൾ സംസാരിക്കുമ്പോൾ തുടങ്ങിയവയിൽ എത്തപ്പെടുമ്പോൾ സ്വാഭാവികമായും ഡോപമിന്റെ അളവ് ചെറിയ തോതിൽ വർദ്ധിക്കും. പിന്നെ,ഇതിന്റെ അളവ് കുറഞ്ഞ് സാധാരണ ഗതിയിലാകും.
ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഡോപമിന്റെ അളവ് പെട്ടെന്ന് കൂടുകയും തത്ഫലമായി മിഥ്യാ അനുഭവങ്ങളും മിഥ്യാ ധാരണകളും വ്യക്തികളിലുണ്ടാവും. ഇല്ലാത്തത് ഉണ്ടെന്ന് തോന്നും. അതേ പോലെ,ഒരു തരം വിഭൂതി,മറ്റ് ചിലതരം അനുഭൂതികൾ എന്നിവ അനുഭവപ്പെടും. കുത്തനെ കൂടുന്ന ഡോപമിൻ പൊടുന്നനെ തന്നെ കുറയുകയും ചെയ്യും. അങ്ങനെ വരുന്ന അവസ്ഥയിൽ ഒന്നിനോടും ഒരു താത്പര്യമില്ലാതെ വരുന്നു. പ്രത്യേകിച്ചും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലോട്ട് എത്തപ്പെടുന്നു
പഠിക്കാൻ താത്പര്യക്കുറവ്,ജോലി ചെയ്യാൻ വിമുഖത,സംസാരിക്കാൻ ഇഷ്ടമില്ലായ്മ ഇങ്ങനെ ഒരു അവസ്ഥയിൽ വന്നുചേരും .പിന്നെ,ഏകമായി വീട്ടിൽ തന്നെ മുറിയടച്ചിട്ട് ഒന്നും ചെയ്യാതെയിരിക്കും.
രക്തത്തിൽ ഗ്ലൂക്കോസിനുളള അതേ പ്രാധാന്യമാണ് തലച്ചോറിൽ ഡോപമിനുള്ളത്. ഗ്ലൂക്കോസ് കുറഞ്ഞാൽ ക്ഷീണമുണ്ടാകും. അത് പല പ്രശ്നങ്ങൾക്കും ഭാവിയിൽ ഇടവരുത്തും.
മൊബൈൽ ഫോണിന് അടിമയാകുന്നവരുടെയും സ്ഥിതി മറിച്ചല്ല. ഈ അടിമത്തം ലഹരി വസ്തു ഡോപമിനെ ഉയർത്തുന്ന പോലെ, മൊബൈൽ ഫോണിന്റെ ആകൃഷ്ടതയും ഡോപമിനെ താത്ക്കാലികമായി ഉയർത്തുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി വിശേഷം അടിമത്തത്തിൽ നിന്നും അടിമത്തത്തിലേക്ക് വ്യാപിക്കുന്നതോടെ ഡോപമിൻ കിട്ടാത്ത അവസ്ഥ ചിന്തിക്കാനാവുന്നതല്ല.
പെട്ടെന്നൊരു അവസ്ഥയിൽ മൊബൈൽ ഫോണിന് അടിമയായവരെ ഇതിൽ നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ നേരെ വിപരീത ഫലമാണ് ഉണ്ടാവുക. അത് കൂടതൽ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ഒരു തരം ചിത്തഭ്രമത്താൽ വലയം പ്രാപിക്കുന്നതോടെ ചിലപ്പോൾ,ചികിത്സ കൊണ്ടും ഫലപ്രാപ്തിയിൽ എത്താനാവില്ല.
ഏതായാലും കാലത്തിന്റെ ഗതിവിഗതികളിൽ മൊബൈൽ ഫോൺ യുഗം ഒരു കാരണവശാലും അവസാനിക്കാൻ പോകുന്നില്ല. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അത് കടന്ന് വന്നേക്കാം.നൂതനമായ ടെക്നോളജിയിൽ പുത്തൻ പരിവർത്തനങ്ങളുമായി അത് മാറിക്കൊണ്ടേയിരിക്കും. നമ്മുടെ പുതു തലമുറയും അതിനനുസരിച്ച് അതിൽ ആകൃഷ്ടരായിക്കൊണ്ടിരിക്കും.
പക്ഷേ, സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്ന് പറയും പോലെ അല്ലെങ്കിൽ, ആ വാക്കുകൾ എക്കാലവും നിലനില്ക്കുമെന്ന അർത്ഥത്തിൽ വരും തലമുറയെങ്കിലും സംരക്ഷിക്കാൻ,പ്രതിബദ്ധതയോടെ ഏവരും പ്രതിജ്ഞാബദ്ധരാകേണ്ടതാണ്.
അതൊരു നിയോഗം പോലെ ഏവരും പ്രാധാന്യം നല്കി,കാത്തുസൂക്ഷിച്ചില്ലെങ്കിൽ രാജ്യം വലിയ ഒരു അധ:പതനത്തിലേക്കായിരിക്കും വിരൽ ചൂണ്ടുന്നത്!