സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു അദ്ദേഹം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു.
ഇതിനിടെ, തിരുവനന്തപുരം വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് കൊടിമരങ്ങൾ നശിപ്പിച്ചിരിക്കുന്നത്.
അതേസമയം, സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞ കേസിൽ മൂന്ന് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാൽ, സതീർഥ്യൻ,ഹരി ശങ്കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ അഞ്ചു മണിയോടെ ഇവർ ചികിത്സയിലുണ്ടായിരുന്ന ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ചോദ്യം ചെയ്യുകയാണ്. ഓഫീസ് ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ കൂടി കണ്ടെത്താൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ട് മണിക്കാണ് തിരുവനന്തപുരം മേട്ടുക്കടയിലുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. സംഭവത്തെ അപലപിച്ച സിപിഎം, ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു.