കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.
കുട്ടികളുടെ ദൃശ്യങ്ങളും നഗ്‌നചിത്രങ്ങളും ഇന്റെർനെറ്റിൽ സെർച്ച് ചെയ്യുന്നവരെയും ഇത് മൊബൈലുകൾ മുഖേനെ കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താനായാണ് ആലപ്പുഴയിൽ പൊലീസ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ വീയപുരം, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനുകളിലായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
പിടികൂടിയ ഫോണുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച ശേഷം നിയമനടപടികൾ സ്വീകരിക്കും. കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുന്ന ഫോണുകൾ മൂന്നുദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധിയിലും രാവിലെ 7 മുതലായിരുന്നു റെയ്ഡ്.
നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വർഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നി നോഡൽ ഓഫീസറായുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സൈബർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി. വിനോദിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ദ്ധരാണ് റെയിഡ് ഏകോപിപ്പിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന വ്യകതികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവർ എത്രയും വേഗം പൊലീസിനെ വിവരം അറിയിക്കണം.