കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് 62 ദിവസം പിന്നിട്ടതോടെ കടുത്ത പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്തെത്തി. കുട്ടികള്‍ക്കൊപ്പം പ്ലക്കാര്‍ഡ് ഉയര്‍ത്തി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം നടന്നു.മകള്‍ക്ക് നാളെ രാവിലെ കോളേജില്‍ ഡിഗ്രിക്ക് ചേരണമെന്നും കടം ചോദിക്കാന്‍ ഇനി ഒരാളും ബാക്കിയില്ലെന്നും, കൈയില്‍ 500 പോലും എടുക്കാനില്ലെന്നും പറഞ്ഞു കരഞ്ഞുകൊണ്ടുള്ള കണ്ടക്ടറുടെ വീഡിയോ വൈറലായിരുന്നു.
സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ വന്നത്.അതേസമയം ഓരോ ദിവസവും കഴിയുന്തോറും ജീവനക്കാരുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരിഭവങ്ങളും പരാതികളും കൂടി വരികയാണ്. നിത്യേനയുള്ള വീട്ടുചെലവിന് പോലും പണമില്ലാത്തെ അവസ്ഥയിലാണ് ജീവനക്കാര്‍.
ഒരു ജീവനക്കാരന്‍ പ്ലക്കാര്‍ഡും പിടിച്ചുനില്‍ക്കുന്ന മകള്‍ക്കൊപ്പമാണ് പ്രതിഷേധിച്ചത്. ‘അച്ഛന് ശമ്പളം അനുവദിക്കൂ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ’ എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. മകള്‍ക്ക് ഉടുപ്പ് വാങ്ങാന്‍ പോലും പണമില്ലെന്ന് വിലപിക്കുന്ന ജീവനക്കാരുമുണ്ട്. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുള്ള കുടുംബാംഗങ്ങള്‍ക്ക് മരുന്ന് വാങ്ങാനും കാശില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ജീവനക്കാര്‍ പറയുന്നു.