ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-സിംബാബ്‌വെ മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴ കാരണം ആദ്യം മത്സരം 9-9 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് രണ്ടാം ഇന്നിംഗ്‌സിൽ വീണ്ടും മഴ പെയ്തതോടെ മത്സരം ഏഴ് ഓവറാക്കി ചുരുക്കി. മത്സരം വീണ്ടും തുടങ്ങാനാകാതെ വന്നതോടെ റദ്ദാക്കാൻ അമ്പയർ തീരുമാനിക്കുകയായിരുന്നു.
ഒമ്പത് ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെടുത്തു. സിംബാബ്‌വെയ്ക്ക് തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായി. വെസ്‌ലി മധെവെരെ (പുറത്താകാതെ 35) മിൽട്ടൺ ഷുംബ (18) എന്നിവരാണ് മാന്യമായ സ്കോറിലേക്ക് സിംബാബ്‌വെയെ എത്തിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി (2/20) രണ്ട് വിക്കറ്റ് വീഴ്ത്തി.പിന്നീട് ഏഴ് ഓവറിൽ 64 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം നൽകിയത്. 18 പന്തിൽ 47 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് ദക്ഷിണാഫ്രിക്കയുടെ ചേസ് വേഗത്തിലാക്കി. എന്നാൽ മൂന്ന് ഓവർ മത്സരം മാത്രമാണ് കളിക്കാനായത്. തുടർന്ന് മഴ മൂലം മത്സരം മുടങ്ങി. മത്സരം വീണ്ടും തുടങ്ങാനാകാതെ വന്നതോടെ റദ്ദാക്കാൻ അമ്പയർ തീരുമാനിക്കുകയായിരുന്നു. ഇരു ടീമിനും ഓരോ പോയിൻറ് വീതം ലഭിക്കും.