അഞ്ചുവയസ്സുളള ബാലികയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിയ്ക്ക് മൂന്ന് വർഷം കഠിന തടവും 10,000/- രൂപ പിഴയും.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ബാലികയെ മിഠായി തരാമെന്ന് പറഞ്ഞ് കൈയ്യാട്ടി വിളിച്ച് പ്രതി താമസിക്കുന്ന വീട്ടിൽ വിളിച്ചു വരുത്തി മിഠായി നൽകിയ ശേഷം ബാലികയെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മയ്യനാട് വില്ലേജിൽ പടനിലം കുഴിയിൽ കോളനിയിൽ ജലജാ മന്ദിരത്തിൽ പുഷ്പൻ (62)നെയാണ് കൊല്ലം ഫസ്റ്റ് അഡീഷണൽ സെക്ഷൻ ( POCSO) കോടതി ജഡ്ജി എൻ. ഹരികുമാർ ശിക്ഷിച്ചത്.
ലൈംഗിക ആക്രമണങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന ആക്ട് 2012 ലെ 8-ാം വകുപ്പ് പ്രകാരം 500/18-ാം നമ്പരായി കൊട്ടിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ട് 3 വർഷം കഠിന തടവിനും 10,000/- രൂപ പിഴ അടയ്ക്കാനുമാണ് വിധിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി കഠിന തടവ് ശിക്ഷ അനുഭവിക്കേണ്ടതാണ്. 14-06-2018 രാവിലെ 11.30 മണിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷൻ ഭാഗം 1 മുതൽ 11 വരെ സാക്ഷികളേയും 1 മുതൽ 13 അക്ക പ്രമാണങ്ങളും ഹാജരാക്കി തെളിയിച്ചതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി. സുഹോത്രൻ കോടതിയിൽ ഹാജരായി.