ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്‍ഹി പൊലീസ് പ്രത്യേക സെല്ല് കേസെടുത്തു. .കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്‌ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചു റ്റ്വിറ്റലില്‍ പോസ്റ്റിട്ടിരുന്നു. ഇതിന്‍റെ പേരിലാണ് നടപടി. രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഷെഹ്‌ലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കശ്മീരില്‍ എല്ലാം സൈന്യത്തിനു കീഴിലാണെന്നായിരുന്നു ട്വിറ്ററിലൂടെ ഷെഹ്‌ല ഉയര്‍ത്തിയ ആരോപണം. ‘ക്രമസമാധാന പാലനത്തില്‍ ജമ്മുകശ്മീര്‍ പൊലീസിന് യാതൊരു അധികാരവുമില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അവരെ അധികാരമില്ലാത്തവരായി മാറ്റിയിരിക്കുന്നു. എല്ലാം പാരാമിലിറ്ററി സേനയുടെ കീഴിലാണ്. സി.ആര്‍.പി.എഫുകാരന്റെ പരാതിയില്‍ ഒരു എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയിരിക്കുന്നു. സര്‍വ്വീസ് റിവോള്‍വര്‍ പോലും അവരുടെ പക്കലില്ല.’ എന്നായിരുന്നു ഷെഹ്‌ലയുടെ ഒരു ട്വീറ്റ്.
‘സായുധസേന രാത്രി വീടുകളില്‍ കയറി പുരുഷന്മാരെ കൊണ്ടുപോകുന്നു. വീട് തകിടം മറിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുന്നു’ എന്നും അവര്‍ ആരോപിച്ചിരുന്നു.