വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പോര് ഒടുവില്‍ കലാശിച്ചത് മര്‍ദ്ദനത്തില്‍ . ദില്ലിയിലാണ് സംഭവം. മെഹ്റൗലി ജില്ലാ അദ്ധ്യക്ഷന്‍ ആസാദ് സിംഗ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ പാര്‍ട്ടി ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചത്. ബിജെപി മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിന് പിന്നാലെയായിരുന്നു സംഭവം.
ഭാര്യയെ മര്‍ദ്ദിച്ച ശേഷം ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാവ്ദേക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം പുറത്തിറങ്ങുന്നവെയായിരുന്നു ആസാദ് സിംഗും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. എന്നാല്‍, ഭാര്യയാണ് തന്നെ ആദ്യം ആക്രമിക്കാന്‍ ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും ആസാദ് സിംഗ് പറഞ്ഞു. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ പൊതുസ്ഥലത്ത് വച്ച് ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ലെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ദില്ലി ബിജെപി പ്രസിഡന്റ് മനോജ് തിവാരി സംഭവം അന്വേഷിക്കാന്‍ ഉത്തരവിട്ടു.
ആക്രമണത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ദില്ലി പോലീസ് പറഞ്ഞു.